ജനങ്ങൾക്ക് ഗുണനിലവാരമുള്ള കോഴിയിറച്ചി ന്യായമായ വിലയ്ക്ക് ലഭ്യമാക്കുകയും, ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുകയും ചെയ്യുന്നതാണ് സർക്കാർ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങൾ. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ സംരംഭം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 105.63 കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ചു.
2019ൽ കുടുംബശ്രീ, മൃഗസംരക്ഷണവകുപ്പ്, കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ (കെപ്കോ) എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി ആറ് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഒരു മാതൃകാപദ്ധതിയായി മാറി. ഇന്ന് കേരളത്തിൽ ഉപയോഗിക്കുന്ന കോഴിയിറച്ചിയുടെ 8% ഈ പദ്ധതിയിലൂടെയാണ് ഉത്പാദനം.
450 കോഴിഫാമുകളും 139 ഔട്ട്ലറ്റുകളും കേരള ചിക്കന്റെ കീഴിൽ ഇപ്പോൾ പ്രവർത്തിക്കുന്നു. മൊബൈൽ വിൽപ്പനശാലകളായ “മീറ്റ് ഓൺ വീൽസ്” പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. നിലവിൽ 11 ജില്ലകളിലാണ് പദ്ധതി പ്രവർത്തിക്കുന്നത്, ബാക്കി ജില്ലകളിലേക്കും ഈ സാമ്പത്തിക വർഷം തന്നെ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളും, തീറ്റയും മരുന്നുകളും കുടുംബശ്രീ അംഗങ്ങളായ കർഷകർക്ക് കമ്പനി നൽകുന്നു. വളർത്തിയ കോഴികളെ തിരികെ വാങ്ങി ഔട്ട്‌ലെറ്റുകൾ വഴി വിപണനം നടത്തുന്ന ‘കോൺട്രാക്ട് ഫാമിംഗ്’ രീതിയിലാണ് സംരംഭം മുന്നേറുന്നത്. കർഷകർക്ക് ‘ഇന്റഗ്രേഷൻ ഫീസ്’ എന്ന പേരിൽ സ്ഥിര വരുമാനവും ഉറപ്പായിരിക്കുന്നു.
ഫ്രോസൺ ചിക്കൻ കറി കട്ട് പോലുള്ള പുതിയ ഉൽപ്പന്നങ്ങളിലൂടെ വിപണിയിലെ കനത്ത മത്സരം നേരിടാനാണ് പദ്ധതി ശ്രമിക്കുന്നത്.
സംശുദ്ധമായ ഇറച്ചി ലഭ്യമാക്കിയും, സ്ത്രീകളെ സംരംഭകരായി വളർത്തിയും, ആഭ്യന്തര ഇറച്ചിബിസിനസ്സിൽ കേരളത്തെ സ്വയംപര്യാപ്തമാക്കി മാറ്റാനും ലക്ഷ്യമിടുന്ന കേരള ചിക്കൻ പദ്ധതി, രാജ്യത്തിന് തന്നെ മാതൃകയായുന്ന മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
