സ്കൂളുകളിൽ വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് കർശനമായി നിരോധിച്ച് കേരള പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നടക്കുന്ന ക്ലാസുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ മെയ് മാസത്തിൽ ക്ലാസുകൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് വകുപ്പ് നിർദേശം നൽകി. മറ്റ് സിലബസ് പിന്തുടരുന്ന സ്കൂളുകളോടും ഉത്തരവ് പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.
2017ൽ സംസ്ഥാന സർക്കാർ സമാനമായ ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും പല വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർദേശങ്ങൾ ലംഘിച്ച് അവധിക്കാലത്ത് ക്ലാസുകൾ നടത്തിയിരുന്നു.
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും 2017 ൽ സംസ്ഥാനത്തെ ഒരു സ്കൂളിലും അവധിക്കാല ക്ലാസുകൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഏപ്രിൽ, മെയ് മാസങ്ങളിൽ സംസ്ഥാനത്ത് ഉയർന്ന താപനില അനുഭവപ്പടുന്നുവെന്നും കെഇആറിന്റെയും വകുപ്പിന്റെയും നിർദ്ദേശങ്ങൾ ലംഘിച്ച് ക്ലാസുകൾ നടത്തുന്ന സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടി.
കഠിനമായ ചൂട് കാരണം ക്ലാസിലോ സ്‌കൂളിലേക്കും തിരിച്ചും പോകുന്ന വഴിയോ വിദ്യാർത്ഥികൾക്ക് അനുഭവപ്പെടുന്ന ആരോഗ്യ അടിയന്തരാവസ്ഥയ്ക്കും അവർ ഉത്തരവാദികളായിരിക്കും എന്നും സർക്കുലറിൽ പറയുന്നു