
തിരുവനന്തപുരം: കയറ്റുമതി മേഖലയിൽ കേരളം ശക്തമായ മുന്നേറ്റം കൈവരിച്ചതായി നിതി ആയോഗ് പുറത്തിറക്കിയ പുതിയ പട്ടിക വ്യക്തമാക്കുന്നു. കയറ്റുമതിയിൽ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ മുൻപുണ്ടായിരുന്ന 19-ാം സ്ഥാനത്ത് നിന്ന് കേരളം 11-ാം സ്ഥാനത്തേക്ക് ഉയർന്നതാണ് പുതിയ നേട്ടം.

കയറ്റുമതിയിലെ വൈവിധ്യവൽക്കരണം, മാനവ വിഭവ ശേഷി, എംഎസ്എംഇ ആവാസവ്യവസ്ഥ തുടങ്ങിയ പ്രധാന മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് നിതി ആയോഗ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ മേഖലകളിൽ കേരളം കൈവരിച്ച പുരോഗതിയാണ് റാങ്കിങ്ങിൽ വലിയ മുന്നേറ്റത്തിന് കാരണമായത്.
പെട്രോളിയം ഉൽപ്പന്നങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, കേരളത്തിൽ നിർമ്മിക്കുന്ന കപ്പലുകളും ബോട്ടുകളും, എസൻഷ്യൽ ഓയിൽ, കുട്ടികളുടെ വസ്ത്രങ്ങൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഒപ്പം, കാപ്പി മേഖലയിലെ തിരിച്ചുവരവും പുതിയ പട്ടികയിൽ പ്രതിഫലിക്കുന്നുണ്ട്.
സിംഗപ്പൂർ, യു.എ.ഇ, അമേരിക്ക എന്നീ രാജ്യങ്ങളിലേക്കാണ് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത്. ഇതിനായി ചെറുതും വലുതുമായ 19 തുറമുഖങ്ങളും 5 കാർഗോ ടെർമിനലുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതായും സൂചിക വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാർ വാണിജ്യ മേഖലയ്ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതും സംസ്ഥാനത്തിന്റെ കയറ്റുമതി നയം നടപ്പിലാക്കിയതും വളർച്ചയ്ക്ക് നിർണായകമായി.