തീരധാതുമണൽ ഖനനം ചെയ്ത് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കുന്നതിനായി കേരളവും തമിഴ്നാടും ചേർന്ന് സഹകരിക്കും. കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെയും തമിഴ്നാട് വ്യവസായ വകുപ്പ് മന്ത്രി ഡോ. ടി.ആർ.ബി. രാജയുടെയും അധ്യക്ഷതയിൽ നടന്ന പ്രാഥമിക ചർച്ചയിലാണ് ഇരുവരും സഹകരണമാർഗങ്ങൾ പരിശോധിച്ചത്.
തമിഴ്നാട്ടിൽ ലഭ്യമായ ധാതുമണൽ വിഭവശേഷി കേരളത്തിന്റെ സാങ്കേതിക വൈദഗ്ധ്യവുമായി ഏകോപിപ്പിക്കുകയെന്നതാണ് സംയുക്തസംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുവായ ഇൽമെനൈറ്റ് തമിഴ്നാട്ടിൽ നിന്ന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ സാമ്പത്തികമായി ലാഭകരമാണെന്ന് കെ.എം.എം.എൽ നേരത്തെ വിലയിരുത്തിയിരുന്നു. ഖനനവും മൂല്യവർധന പ്രവർത്തനങ്ങളും തമിഴ്നാട്ടിന്റെ അതിര്‍ത്തിക്കുള്ളിൽ തന്നെ നടത്തണമെന്ന വ്യവസ്ഥയാണ് തമിഴ്നാട് സർക്കാർ മുന്നോട്ട് വച്ചത്.
തമിഴ്നാട്ടിലെ മണൽ ഖനനത്തിന് ആവശ്യമായ കേന്ദ്രാനുമതികളും ഭൂമി അനുവദനവും ലഭ്യമാക്കുന്നതിനായി തമിഴ്നാട് സർക്കാരിന്റെ സഹായം തേടിയതായി കെ.എം.എം.എൽ അറിയിച്ചു. തമിഴ്നാട് മിനറൽസ് ലിമിറ്റഡുമായി ചേർന്ന് സംയുക്ത സംരംഭം രൂപീകരിക്കണമെന്ന കെ.എം.എം.എൽ നിർദ്ദേശം തമിഴ്നാട് സർക്കാർ തത്വത്തിൽ അംഗീകരിക്കുകയും തുടർ നടപടികൾക്ക് വഴിയൊരുക്കുകയും ചെയ്തു.
യോഗത്തിൽ കേരള വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ്, തമിഴ്നാട് വ്യവസായ വകുപ്പ് സെക്രട്ടറി വി. അരുൺ റോയ് ഐഎഎസ് എന്നിവരും ബന്ധപ്പെട്ട വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കെ.എം.എം.എലിനെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടർ പി. പ്രദീപ് കുമാർ, മിനറൽ സെപ്പറേഷൻ പ്ലാന്റ് ഹെഡ് ടി. കാർത്തികേയൻ എന്നിവര്‍ ചർച്ചയിൽ പങ്കാളികളായി.
സംയുക്ത സംരംഭം വിജയകരമാകുകയാണെങ്കിൽ കേരളത്തിലെ കെ.എം.എം.എലിനും ട്രാവൻകൂർ ടൈറ്റാനിയത്തിനും വലിയ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ധാതുഭൂമിശാസ്ത്ര സഹകരണത്തിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനത്തിലുള്ള ഭരണനടപടികൾ, ഇ-വാഹന എക്കോസിസ്റ്റം, ടൂറിസം, സാങ്കേതിക മേഖലകൾ തുടങ്ങിയവയിലും രണ്ട് സംസ്ഥാനങ്ങളും സഹകരണമാർഗങ്ങൾ വിലയിരുത്തി.
