
ഫ്രാൻസുമായി ഇന്ത്യ ഒപ്പുവെച്ച റാഫാൽ യുദ്ധവിമാന കരാർ നടപ്പിലാക്കുന്നതിൽ കേരളം നിർണായകവും സങ്കീർണവുമായ പങ്ക് പങ്കുവഹിക്കുന്നു. റാഫാൽ യുദ്ധവിമാനങ്ങൾക്ക് ആവശ്യമായ ആർബിഇ2 (RBE2) എഇഎസ്എ (AESA) റഡാറുകളുടെ വയേഡ് സ്ട്രക്ചറുകൾ നിർമ്മിക്കുന്നതിനുള്ള കരാർ കേരള ആസ്ഥാനമായ എസ്എഫ്ഒ ടെക്നോളജീസ് സ്വന്തമാക്കി.

26 റാഫാൽ യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഈ അത്യാധുനിക റഡാറുകൾ ഏത് കടുത്ത കാലാവസ്ഥയിലും ഉയർന്ന റെസല്യൂഷനിലുള്ള ത്രിമാന ചിത്രങ്ങൾ നൽകാൻ ശേഷിയുള്ളവയാണ്. ശത്രുവിനെ നിരീക്ഷിക്കാനും കൃത്യമായ ആക്രമണങ്ങൾ നടത്താനും ഈ റഡാറുകൾ നിർണായക സഹായം നൽകും.
റാഫാൽ പോലുള്ള ലോകോത്തര യുദ്ധവിമാനങ്ങളിൽ ‘മെയ്ഡ് ഇൻ കേരള’ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്നതിലൂടെ, കേരളത്തിലെ കമ്പനികൾ അത്യന്തം സങ്കീർണമായ പ്രതിരോധ-വിമാന സാങ്കേതികവിദ്യകൾ കൈകാര്യം ചെയ്യാൻ പൂർണമായി സജ്ജമാണെന്നത് തെളിയിക്കപ്പെടുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് കമ്പനികളിലൊന്നായ എസ്എഫ്ഒ ടെക്നോളജീസ് തിരുവനന്തപുരത്തും കളമശ്ശേരിയിലും കാക്കനാട്ടുമായി പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. 3,760 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള ഈ കമ്പനി ലോകോത്തര വിമാനങ്ങളിലും മൊബൈൽ ഫോണുകളിലും ഉപയോഗിക്കുന്ന നിർണായക ഘടകങ്ങൾ കേരളത്തിൽ തന്നെ നിർമ്മിക്കുന്നു.
അതോടൊപ്പം, ഐടിഐ, ഡിപ്ലോമ, എഞ്ചിനിയറിംഗ് ബിരുദധാരികൾ മുതൽ പിഎച്ച്ഡി യോഗ്യതയുള്ളവർ വരെ ഉൾപ്പെടുന്ന 6,000-ത്തിലധികം മലയാളികൾക്ക് തൊഴിൽ നൽകുന്നതിലൂടെ, പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ ആത്മനിർഭർ ശ്രമങ്ങളിൽ കേരളത്തിന്റെ പങ്ക് കൂടുതൽ ശക്തമാക്കുകയാണ് എസ്എഫ്ഒ ടെക്നോളജീസ്.