
തിരുവനന്തപുരം: കിഫ്ബി 2019-ൽ നടത്തിയ മസാല ബോണ്ട് പുറത്തിറക്കലിൽ ഫെമ (FEMA) ചട്ടലംഘനം നടന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി പിണറായി വിജയന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കിഫ്ബി 2,150 കോടി രൂപ സമാഹരിച്ച പ്രക്രിയയിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഏജൻസിയുടെ നടപടി.
മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിക്കൊപ്പം മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഫെമ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ.
നോട്ടീസ് ലഭിച്ചവർക്ക് പ്രതിനിധി വഴിയോ അഭിഭാഷകൻ വഴിയോ വിശദീകരണം നൽകാനുള്ള അവസരം ഉണ്ടായിരിക്കും. ഇരു പക്ഷവും സമർപ്പിക്കുന്ന വാദങ്ങളും രേഖകളും പരിശോധിച്ചതിനുശേഷമാണ് അഡ്ജുഡിക്കേറ്റിങ് അതോറിറ്റി അന്തിമ തീരുമാനം കൈകൊള്ളുന്നത്.
