കൊച്ചി: കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ വിമാനസർവീസായ എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ സർവീസ് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുനരാരംഭിക്കുമെന്ന് സൂചന. സർവീസ് റദ്ദാക്കാനുള്ള തീരുമാനത്തിന് പിന്നാലെ, ചൊവ്വാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (CIAL) ഉദ്യോഗസ്ഥരും എയർ ഇന്ത്യയുമായുള്ള ചർച്ചയിൽ ഈ കാര്യം ധാരണയായതായാണ് റിപ്പോർട്ട് .
നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഡ്രീംലൈനർ വിമാനമാണ് കൊച്ചി-ലണ്ടൻ സർവീസ് നടത്തുന്നത്. ഈ ശൈത്യകാല ഷെഡ്യൂൾ അവസാനിക്കുന്നതോടെ മാർച്ച് 28 മുതൽ സർവീസ് നിർത്തിവയ്ക്കുമെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് എയർ ഇന്ത്യയുമായി ചർച്ച നടത്തിയത്. ഗുരുഗ്രാമിൽ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ എയർ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി. ബാലാജിയും സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജിയും പങ്കെടുത്തു. എയർ ഇന്ത്യയുടെ ലണ്ടൻ സർവീസ് ലാഭകരമാക്കുന്നതിനായി പ്രത്യേക പാക്കേജ് സിയാൽ അവതരിപ്പിച്ചു.
സർവീസ് നിലനിർത്തുന്നതിനുള്ള നടപടികൾ സംബന്ധിച്ച് കരട് ധാരണയായി. അതേസമയം, ഇത് സാങ്കേതിക അനുമതി ലഭിച്ചതിന് ശേഷം മാസങ്ങൾക്ക് ഉള്ളിൽ പുനരാരംഭിക്കാമെന്നു എയർ ഇന്ത്യ അറിയിച്ചു. വിമാനങ്ങളുടെ ലഭ്യതയെ ആശ്രയിച്ച് ഈ റൂട്ടിലെ സർവീസ് വർദ്ധിപ്പിക്കാനുമാണ് സാധ്യത.