കൊച്ചി: കൊച്ചി മെട്രോയുടെ ഇലക്ട്രിക് ഫീഡര്‍ ബസ് സർവീസിൽ ഇതുവരെ 2,05,854 യാത്രക്കാർ യാത്ര ചെയ്തു. ഹൈക്കോര്‍ട്ട്–എംജി റോഡ് സര്‍ക്കുലര്‍ റൂട്ടിന്റെ ആരംഭം ഇലക്ട്രിക് ബസ് സര്‍വ്വീസിന് പുതിയ ഉണര്‍വ് നല്‍കി. ആലുവ, കളമശേരി, ഇന്‍ഫോപാര്‍ക്ക്, ഹൈക്കോര്‍ട്ട് റൂട്ടുകളില്‍ പ്രതിദിനം ശരാശരി 3102 പേരാണ് ഇലക്ട്രിക് ബസുകളില്‍ യാത്ര ചെയ്യുന്നത്.
ജനുവരി 16 മുതല്‍ ഘട്ടങ്ങളിലായി ആരംഭിച്ച സര്‍വ്വീസിന്‍റെ ഏറ്റവും പുതിയ സെഗ്മെന്റ് ആയ ഹൈക്കോര്‍ട്ട്–എംജി റോഡ് റൂട്ടില്‍ 8573 യാത്രക്കാർ ഇതുവരെ യാത്ര ചെയ്തു. മാര്‍ച്ച് 19 ന് ആരംഭിച്ച ഈ സര്‍ക്കുലര്‍ സര്‍വ്വീസില്‍ ആദ്യ ആഴ്ചയില്‍ 1556 യാത്രക്കാര്‍ ഉണ്ടായിരുന്നു. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെയുള്ളയാളില്‍ മാത്രം 5415 പേര്‍ യാത്ര ചെയ്തു — യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടര ഇരട്ടി വര്‍ധനയുണ്ടായി.
മൂന്ന് ഇലക്ട്രിക് ബസുകളാണ് ഹൈക്കോര്‍ട്ട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത്. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഈ റൂട്ടില്‍ ദിവസേന ശരാശരി 773 പേര്‍ യാത്ര ചെയ്യുന്നു.
ആലുവ–എയര്‍പോര്‍ട്ട് റൂട്ടില്‍ ഇതുവരെ 1,02,564 പേര്‍ യാത്ര ചെയ്തുവെന്നതും, ദിവസേന ശരാശരി 1350 യാത്രക്കാര്‍ ഈ സര്‍വ്വീസ് ഉപയോഗിക്കുന്നതും ശ്രദ്ധേയമാണ്. കളമശേരി റൂട്ടില്‍ 54,515 യാത്രക്കാരും, ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ 40,202 പേരും ഇതിനകം യാത്ര ചെയ്തു. കലമശേരിയില്‍ ദിനംപ്രതി ശരാശരി 730 പേരും ഇന്‍ഫോപാര്‍ക്കില്‍ 890 പേരും ഈ സര്‍വ്വീസ് ഉപയോഗിക്കുന്നു.
