മുംബൈ: കൊച്ചി വാട്ടര്‍മെട്രോയുടെ മാതൃകയിൽ മുംബൈയിലും വാട്ടര്‍മെട്രോ സേവനം ആരംഭിക്കുന്നതിന്റെ ഭാഗമായി, കേരള മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍) കണ്‍സള്‍ട്ടന്‍സി വിഭാഗം തയ്യാറാക്കിയ സാധ്യതാ പഠനറിപ്പോര്‍ട്ട് മഹാരാഷ്ട്ര സർക്കാരിന് സമർപ്പിച്ചു. മുബൈ മെട്രോപൊളിറ്റന്‍ മേഖലയെ മുഴുവൻ ഉൾപ്പെടുത്തി താനെ, വയ് തർണ, വസായ്, മനോരി, പനവേല്‍, കരാഞ്ച തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് 250 കിലോമീറ്റർ നീളമുള്ള ജലപാതയിലാണ് പഠനം നടത്തിയത്.
മഹാരാഷ്ട്ര തുറമുഖ, ഷിപ്പിംഗ് വകുപ്പു മന്ത്രി നിഥീഷ് റാണെയ്ക്ക് മുന്നിലാണ് ഈ പഠനറിപ്പോര്‍ട്ട് കെ.എം.ആര്‍.എല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗം സമർപ്പിച്ചത്. റെക്കോർഡ് സമയംകൊണ്ട് വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ പഠനത്തിന്റെ ഗുണമേന്മയെ മന്ത്രി വിശേഷിപ്പിക്കുകയും പദ്ധതിയെ അംഗീകരിച്ച് നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
വിശദമായ പദ്ധതി രൂപരേഖ (DPR) തയ്യാറാക്കാനുള്ള ചുമതലയും കെഎംആര്‍എല്‍ തന്നെ ഏറ്റെടുക്കുമെന്നാണു പ്രതീക്ഷ.
പദ്ധതിയുടെ ഭാഗമായി 29 വാട്ടര്‍ മെട്രോ ടെര്‍മിനലുകളും പത്ത് പ്രധാന ജലറൂട്ടുകളും പഠനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍പ് ടെണ്ടറില്‍ പങ്കെടുത്ത് മറ്റ് പ്രമുഖ സ്ഥാപനങ്ങളെ പിന്തള്ളിക്കൊണ്ട് കണ്‍സള്‍ട്ടന്‍സി കരാര്‍ നേടുന്നതിലൂടെ കെഎംആര്‍എല്ലിന്റെ ദേശീയ തലത്തിലുള്ള അംഗീകാരം വർധിപ്പിച്ചിരിക്കുകയാണ്.
പദ്ധതി നടത്തിപ്പിലെ അനുഭവ സമ്പത്തും വൈദഗ്ധ്യവും മുതലാക്കി ആരംഭിച്ച കെ.എം.ആര്‍.എല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തിന് മുന്നില്‍ വലിയ സാധ്യതകളാണ് തെളിയുന്നത്. കൊച്ചി മെട്രോയ്ക്ക് അധിക വരുമാനത്തിനും വഴി തുറക്കും.