മെൽബൺ: മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യൻ താരമായ വിരാട് കോഹ്ളിയും ഓസ്ട്രേലിയൻ പുതുമുഖ താരം സാം കോൺസ്റ്റാസും തമ്മിലുണ്ടായ ചെറിയ ഉരസൽ വിവാദത്തിന് തിരികൊളുത്തി.പത്താം ഓവറിന് ശേഷം പിച്ചിലൂടെ കടന്നുപോകുമ്പോൾ ആണ് ഇരുവരുടെയും ശരീരം തമ്മിൽ കൂട്ടിമുട്ടിയത്
മുൻ ഓസ്ട്രേലിയൻ നായകനായ റിക്കി പോണ്ടിംഗ് ആരോപിച്ചതനുസരിച്ച് കോഹ്ലിയുടെ പെരുമാറ്റം ബോധപൂർവ്വം ആയിരുന്നു. എന്നാൽ സംഭവം കൈവിടുന്നതിന് മുൻപു തന്നെ ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചു. എന്നാൽ കൊൻസ്റ്റാസ് ഈ സംഭവത്തിന് വലിയ പ്രാധാന്യം നൽകിയില്ല, “ഇതു ക്രിക്കറ്റിൽ സാധാരണമാണ്,” എന്ന് പ്രതികരിച്ചു.
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചു. മത്സര നിരീക്ഷകനായ ആൻഡി പൈക്രോഫ്റ്റ്, കോഹ്‌ലിയുടെ ശാരീരിക ഇടപെടലിനെതിരെ ശിക്ഷ നൽകാൻ സാധ്യതയുണ്ട്. ഇത് മത്സര ഫീസ് പിഴയും ഡിമെറിറ്റ് പോയിന്റുകളും ഉണ്ടാകാൻ സാധ്യതയുള്ളതാണ്.
ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലിയും കോഹ്ലിയുടെ പ്രവൃത്തിയെ വിമർശിച്ചു. “ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിനെതിരെ ഒരു മുതിർന്ന താരം അങ്ങനെ പെരുമാറുന്നത് നിരാശാജനകമാണ്,” എന്നാണ് ഹീലിയുടെ പ്രതികരണം.
എന്നിരുന്നാലും, തർക്കത്തിനിടയിലും തന്റെ ശ്രദ്ധ തടസ്സപ്പെടുത്താതെ, കൊൻസ്റ്റാസ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. 65 പന്തുകളിൽ 60 റൺസ് നേടിയ ആ യുവതാരം തന്റെ ആദ്യ മത്സരത്തിൽ തന്നെ ശ്രദ്ധേയനായി.