കൊല്ലം ജില്ല കേരളത്തിലെ മരച്ചീനിയുടെ തലസ്ഥാനമായി മാറുന്നു. കൃഷി വകുപ്പിന്റെ സമഗ്രമായ ഇടപെടലുകളും പ്രോത്സാഹന പ്രവര്‍ത്തനങ്ങളുമാണ് ജില്ലയെ മരച്ചീനികൃഷിയുടെ ഹബ്ബാക്കി മാറ്റിയത്. നിലവിലെ കണക്കുകള്‍ പ്രകാരം 10,488.83 ഹെക്ടര്‍ പ്രദേശത്ത് കൃഷിചെയ്ത് 3.91 ലക്ഷം ടണ്‍ മരച്ചീനിയാണ് കൊല്ലം ജില്ലയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് – സംസ്ഥാനത്ത് ഏറ്റവും കൂടുതലും.
ചടയമംഗലം, കൊട്ടാരക്കര, വെട്ടിക്കവല, പത്തനാപുരം മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മരച്ചീനിയും മറ്റ് കിഴങ്ങുവര്‍ഗങ്ങളുമുള്ള കൃഷി വ്യാപകമായി നടക്കുന്നത്. വെട്ടുകല്‍ മണ്ണ്, മണല്‍ കലര്‍ന്ന മണ്ണ്, നീ വാര്‍ച്ചയുള്ള മണ്ണ്, സൂര്യപ്രകാശം ധാരാളം ഉള്ള കാലാവസ്ഥ എന്നിവ മരച്ചീനി കൃഷിക്ക് അനുകൂലമാണ്.
വ്യത്യസ്ത ഉല്‍പ്പാദനശേഷിയുള്ള ഇനങ്ങളാണ് ജില്ലയില്‍ വ്യാപകമായി കൃഷി ചെയ്യുന്നത്.
എച്ച്165: 8–9 മാസത്തിനുള്ളില്‍ വിളവാകുന്ന ഈ ഇനം ഒരു ഹെക്ടറില്‍ 33 മുതല്‍ 38 ടണ്‍ വരെ വിളവ് നല്‍കുന്നു.
എം-4: 10 മാസത്തിനുള്ളില്‍ വിളവെടുക്കാൻ സാധിക്കുന്നതിനാൽ സ്വീകാര്യത ഏറെയാണ്.
ശ്രീഹര്‍ഷ: പത്തുമാസം കൊണ്ടുള്ള വിളവെടുപ്പ്; ഹെക്ടറിന് 35–40 ടണ്‍ വരെയുള്ള ഉല്‍പ്പാദനം.
ശ്രീവിജയ: സയനൈഡ് അളവ് കുറഞ്ഞതും ഹെക്ടറിന് 25–28 ടണ്‍ വരെ വിളവുളളതുമായ ഇനം.
ശ്രീവിശാഖം: മൊസൈക് രോഗ പ്രതിരോധശേഷിയുള്ളതും, 35–36 ടണ്‍ വരെയുള്ള ഉല്‍പ്പാദന ശേഷിയുള്ളതുമായ ഇനം.
ചെറുകിട കര്‍ഷകരും കുടുംബശ്രീ ജെഎല്‍ജി ഗ്രൂപ്പുകളും മരച്ചീനികൃഷിയില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. കുറഞ്ഞ ചെലവില്‍ കൃഷിചെയ്യാനാകുന്നതിനോടൊപ്പം 1 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ ലാഭം ലഭ്യമാണ്.
മരച്ചീനിയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വലിയ ഡിമാൻഡ് ഉണ്ട്. ചിപ്‌സ്, മാവ്, സ്റ്റാര്‍ച്ച്, പായസം മിക്‌സ്, കപ്പ പൊടി, കപ്പമുറുക്ക്, കപ്പ ഉപ്പേരി തുടങ്ങിയവയ്ക്ക് വിപണിയില്‍ സ്ഥിരമായ സ്ഥാനം ലഭിച്ചുകഴിഞ്ഞു. ചേന, ചേമ്പ്, മധുരക്കിഴങ്ങ് എന്നിവയില്‍ നിന്നുള്ള ചിപ്‌സും റെഡി ടു കുക്ക് ഉല്‍പ്പന്നങ്ങളും വിപണിയില്‍ നിറഞ്ഞു നിൽക്കുന്നു.
സ്വയംതൊഴിലിനും സ്ത്രീ ശാക്തീകരണത്തിനും വഴിയൊരുക്കുന്ന ഈ മേഖലയില്‍ കൃഷിവകുപ്പ് സബ്‌സിഡിയും പരിശീലന പരിപാടികളും സാമ്പത്തിക പിന്തുണയും നല്‍കി വരുന്നുണ്ട്. ഇതിനാലാണ് മരച്ചീനികൃഷിയിലേയ്ക്ക് കൂടുതല്‍ കര്‍ഷകരും കുടുംബശ്രീ ഗ്രൂപ്പുകളും ആകർഷിക്കപ്പെടുന്നത് .
