ഷാർജ: ഷാർജയിലെ അൽ നഹദയിലെ ഫ്ലാറ്റിൽ കൊല്ലം സ്വദേശിനിയായ യുവതിയും ഒരര വയസ്സുള്ള മകളും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശിനിയായ നിതീഷ് വലിയ വീട്ടിലിൻറെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിലെ വിപഞ്ചിക മണിയൻ (33) മകൾ വൈഭവിയുമാണ് മരിച്ചത്.
പ്രാഥമിക അന്വേഷണം അനുസരിച്ച്, മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയശേഷം, വിപഞ്ചികയും മറ്റൊരു കയറുപയോഗിച്ച് ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ സംശയം.
ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെ ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം.
വിപഞ്ചിക ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്ആർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തുവരികയും ഭർത്താവ് നിതീഷ് ഫെസിലിറ്റീസ് എൻജിനിയറായും ജോലി ചെയ്യുകയും ചെയ്തിരുന്നു. . ഇരുവരും കുറച്ച് മാസങ്ങളായി വേർവേറേ താമസിക്കുകയായിരുന്നു.
വിവാഹ ജീവിതത്തിൽ തുടർച്ചയായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, സ്ത്രീധനവുമായി ബന്ധപ്പെട്ട് നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുമാണ് ബന്ധുക്കളുടെ പരാതി. വിവാഹമോചനത്തിന് സമ്മർദ്ദം ചെലുത്തിയിരുന്നെന്നും, അതിനെതിരെ വിപഞ്ചിക കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നെന്നും പറയുന്നു. വിവാഹമോചനത്തിനോട് യുവതിക്ക് താത്പര്യമില്ലായിരുന്നുവെന്നും, വിവാഹം അവസാനിപ്പിക്കേണ്ടിവന്നാൽ താൻ ജീവനെടുക്കുമെന്നും, അമ്മയോടും വീട്ടുജോലിക്കാരിയോടും പറഞ്ഞിട്ടുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ വെളിപ്പെടുത്തൽ.
വിവാഹമോചനം സംബന്ധിച്ച് കഴിഞ്ഞ ദിവസം വിപഞ്ചികക്ക് വക്കീൽ നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ യുവതി കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാണെന്നു കരുതപ്പെടുന്നു.
യുവതിയുടെ മൃതദേഹം ഷാർജ അൽ ഖാസിമി ആശുപത്രിയിലേക്കും തുടർന്ന് പോസ്റ്റുമോർട്ടത്തിനായി ഫൊറൻസിക് ലാബിലേക്ക് മാറ്റി.
