You are currently viewing കൊല്ലം–തേനി ദേശീയപാത വികസനം: ആദ്യഘട്ട അലൈൻമെന്റ് അന്തിമമായി അംഗീകരിച്ചു

കൊല്ലം–തേനി ദേശീയപാത വികസനം: ആദ്യഘട്ട അലൈൻമെന്റ് അന്തിമമായി അംഗീകരിച്ചു

കൊല്ലം മുതൽ കുമളി വരെ കേരള–തമിഴ്നാട് അതിർത്തി കടന്നുപോകുന്ന കൊല്ലം–തേനി ദേശീയപാത (NH-183) വികസനത്തിൽ നിർണായക മുന്നേറ്റം കൈവരിച്ചു. ദേശീയപാതയുടെ തുടക്കം കൊല്ലം കടവൂരിലെ ദേശീയപാത 66-ൽ നിന്നായിരിക്കുമെന്ന് ഉറപ്പാക്കിയതായും ആദ്യഘട്ട വികസനത്തിനുള്ള അലൈൻമെന്റ് അന്തിമമായി അംഗീകരിച്ചതായും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

കേന്ദ്ര ഹൈവേ–റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ നൽകിയ ഔദ്യോഗിക മറുപടിയിൽ, കേരളത്തിൽ കൊല്ലം മുതൽ കുമളി വരെ നീളുന്ന എൻ എച്ച്-183-ന്റെ ആകെ ദൈർഘ്യം ഏകദേശം 215 കിലോമീറ്ററാണെന്ന് വ്യക്തമാക്കി. ഇതിൽ കൊല്ലം–ചെങ്ങന്നൂർ വിഭാഗത്തിലെ കടവൂർ–അഞ്ഞിലിമൂട് ഭാഗത്തിന്റെ അലൈൻമെന്റ് ഇതിനകം അംഗീകരിച്ചിട്ടുണ്ട്. കടവൂർ–വയ്യങ്കര ഭാഗം 2022 സെപ്റ്റംബർ 6-നും വയ്യങ്കര–അഞ്ഞിലിമൂട് ഭാഗം 2022 ഓഗസ്റ്റ് 4-നും അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ ആദ്യഘട്ടത്തിൽ 62.1 കിലോമീറ്റർ ദൈർഘ്യമുള്ള വികസനം ഔദ്യോഗികമായി മുന്നോട്ടുപോകുകയാണ്. പുതുക്കിയ അലൈൻമെന്റിനെ തുടർന്ന് പാതയുടെ ദൈർഘ്യം ഏകദേശം 58 കിലോമീറ്ററായി കുറയും.

ആദ്യഘട്ടം രണ്ട് ലെയിൻ റോഡായി ആസൂത്രണം ചെയ്തിരുന്നെങ്കിലും, ഗതാഗത സമ്മർദ്ദവും ഭാവി ആവശ്യകതകളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ 2025 ഫെബ്രുവരി 4-ന് നാല് ലെയിൻ ഹൈവേയായി വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതോടെ കൊല്ലം മുതൽ കിഴക്കൻ കേരളത്തിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.
കടവൂർ–അഞ്ഞിലിമൂട് ഭാഗത്തിനായുള്ള ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് (DPR) സമർപ്പിച്ചിട്ടുണ്ട്. ജനസാന്ദ്ര പ്രദേശങ്ങളിലൂടെയും ഉയർന്ന ഭൂവിലയുള്ള മേഖലകളിലൂടെയും പാത കടന്നുപോകുന്നതിനാൽ ഭൂമി ഏറ്റെടുപ്പ് ചെലവും പാർപ്പിടങ്ങൾക്ക് ഉണ്ടാകുന്ന ബാധയും കണക്കിലെടുത്ത് ഡിപിആർ വിശദമായി പരിശോധിക്കുകയാണ്. അഞ്ഞിലിമൂട് മുതൽ കുമളി വരെ കേരള–തമിഴ്നാട് അതിർത്തി വരെയുള്ള ശേഷിക്കുന്ന ഭാഗത്തിന്റെ ഡിപിആർ തയ്യാറാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുള്ളതായി എംപി പറഞ്ഞു.

DISHA യോഗത്തിന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ രേഖകൾ പ്രകാരം, കടവൂർ–അഞ്ഞിലിമൂട് ഭാഗത്തിനായുള്ള ഭൂമി ഏറ്റെടുപ്പിന്റെ 3A വിജ്ഞാപനം 2025 മാർച്ച് 19-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പദ്ധതി അംഗീകരിക്കപ്പെട്ടാൽ ഏകദേശം 2000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും, പുതുക്കിയ ഡി.എസ്.ആർ പ്രകാരം ചെലവ് 2200 കോടി രൂപയായി ഉയരുമെന്നും അറിയിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം, ചരക്ക് നീക്കം എന്നിവയ്ക്ക് വലിയ ഉത്തേജനം ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ വിലയിരുത്തുന്നു.

Leave a Reply