കൊല്ലം: കൊല്ലം – തേനി ദേശീയപാത (NH 183) വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ദേശീയപാത ആക്ട് 1956 പ്രകാരമുള്ള 3(A) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
കൊല്ലം കടവൂർ മുതൽ ആലപ്പുഴ ജില്ലയിലെ ആഞ്ഞിലിമൂട് വരെയുള്ള നിലവിലെ പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കുന്നതിനാണ് 3(A) നോട്ടിഫിക്കേഷൻ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത്. 24 മീറ്റർ വീതിയോടെ നാലുവരിയായി പാത വികസിപ്പിക്കാൻ അന്തിമ അംഗീകാരം ലഭിച്ചിട്ടുണ്ട്.
കടവൂർ മുതൽ ആഞ്ഞിലിമൂട് വരെയുള്ള പാതയുടെ നിർമ്മാണം രണ്ട് ഘട്ടങ്ങളിലായിരിക്കും. ആദ്യഘട്ടത്തിൽ 950 കോടി രൂപയും, രണ്ടാമത്തെ ഘട്ടത്തിൽ 800 കോടി രൂപയുമാണ് നിർമ്മാണച്ചിലവായി കണക്കാക്കുന്നത്. ഈ തുക പിന്നീട് വർധിപ്പിച്ചേക്കും. മാർച്ച് 5-ന് ഡൽഹിയിൽ ചേർന്ന ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ദേശീയപാത ഡയറക്ടർ ജനറൽ ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്. ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരം ഈ സാമ്പത്തിക വർഷം തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചെങ്ങന്നൂർ മുതൽ കോട്ടയം ഐഡാ ജംഗ്ഷൻ വരെയുള്ള ദേശീയപാത വികസനത്തിനായി ഡിപിആർ (Detailed Project Report) തയ്യാറാക്കുന്നതിനുള്ള ഏജൻസിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ ഈ ഭാഗത്തെ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ 36 കോടി രൂപ ചിലവിൽ നടക്കുകയാണ്. ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്ഷൻ വരെയുള്ള റീ ടാറിങ് ഏപ്രിലിൽ പൂർത്തിയാകും.
പാത വികസനത്തിന്റെ ഭാഗമായി പാമ്പനാർ, വണ്ടിപ്പെരിയാർ, കുമളി എന്നിവിടങ്ങളിൽ ബൈപ്പാസ് നിർമ്മിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബൈപ്പാസുകളുടെ അലൈൻമെന്റിന് അംഗീകാരം ഇതിനകം ലഭിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ പാതാ വികസനത്തിൽ നിലവിലെ വളവുകൾ പരമാവധി നീക്കം ചെയ്ത് റോഡ് വിശാലമാക്കും.
ഭരണിക്കാവ് ജംഗ്ഷനെ ഒഴിവാക്കി പുതിയ പാത ചക്കുവള്ളിയിലൂടെ കടന്ന് പോകും. ചക്കുവള്ളിയിൽ അടിപ്പാത നിർമ്മാണവും ആസൂത്രണത്തിലുണ്ട്. അഞ്ചാലുംമൂട്, ചാരുംമൂട് എന്നിവിടങ്ങളിൽ ജംഗ്ഷൻ നവീകരണവും നടന്നുവന്ന കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.