കൊട്ടാരക്കര: അനേകം ഭക്തജനങ്ങൾ ദിനംപ്രതി എത്തുന്ന കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന്റെ സമഗ്ര വികസനത്തിന് വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ നിർദേശം നൽകി. ദീർഘകാല ആവശ്യങ്ങൾ മുൻകൂട്ടി കണക്കിലെടുത്ത് ക്ഷേത്ര വികസനത്തിനായുള്ള നൂതന പദ്ധതിയാണ് നടപ്പിലാക്കപ്പെടുക.
സംസ്ഥാന ബജറ്റിൽ പിൽഗ്രിം ഹൗസും അമിനിറ്റി സെന്ററും നിർമിക്കാനായി അഞ്ചു കോടി രൂപ നീക്കിവച്ചതിനു പുറമേ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 25 കോടി രൂപയുടെ പ്രവർത്തനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും. കൊല്ലം-ചെങ്കോട്ട റോഡിൽ ചന്തമുക്കിന് സമീപമുള്ള ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള 93 സെന്റ് സ്ഥലത്താണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക.
ആദ്യ ഘട്ടത്തിൽ അടിയന്തരമായി പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. നാലുനില കെട്ടിടത്തിൽ താഴത്തെ നിലയിൽ പാർക്കിംഗ് സൗകര്യവും മുകളിൽ കല്യാണമണ്ഡപം, ഊട്ടുപുര, തീർത്ഥാടകർക്ക് താമസസൗകര്യം, ഫെസിലിറ്റേഷൻ സെന്റർ, റസ്റ്റോറന്റ്, ശുചിമുറികൾ എന്നിവ ഉൾപ്പെടുന്ന സൗകര്യങ്ങളും ഒരുക്കും. നിലവിലുള്ള അസിസ്റ്റന്റ് കമ്മീഷണറും എൻജിനീയറും ഉള്ള ഓഫീസുകൾ മാറ്റി സ്ഥാപിക്കും.
പുതിയതായി ഒരുക്കുന്ന പിൽഗ്രിം ഹൗസും അമിനിറ്റി സെന്ററും ബജറ്റിൽ അനുവദിച്ച അഞ്ചു കോടി രൂപ ഉപയോഗിച്ചാകും നിർമിക്കുക. ഇവിടങ്ങളിൽ നിന്നു ക്ഷേത്രത്തിലേക്ക് സുഗമമായ മാർഗം ഒരുക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ക്ഷേത്ര പരിസരത്ത് നവീകരണവും വികസന പ്രവർത്തനങ്ങളും നടക്കും. ക്ഷേത്രക്കുളം അടക്കം മനോഹരമായി പുനരുദ്ധരിക്കും. ശ്രീകോവിൽ നവീകരണം പൂർത്തിയായിട്ടുണ്ട്. വലിയമ്പലം, തിട്ടമ്പലം, പ്രദക്ഷിണവഴി, ഉപദേവതാ പ്രതിഷ്ഠകൾ, ഓഡിറ്റോറിയം, സ്റ്റേജ്, കമ്പ്യൂട്ടർവത്കരിച്ച കൗണ്ടറുകൾ, ഓയിൽ മിൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള സമഗ്ര മാസ്റ്റർ പ്ലാൻയാണ് തയ്യാറാക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും കോടതി അനുമതിയോടെ നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് പറഞ്ഞു.
വികസന പദ്ധതികൾക്കായി ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ ഉണ്ണികൃഷ്ണമേനോൻ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി. വിജയമോഹൻ, ദേവസ്വം ബോർഡ് അംഗങ്ങൾ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
