കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ സർജറി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ വെള്ളൂർ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ. ജൂബേൽ ജെ. കുന്നത്തൂരിനെ (36) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ ആറരയോടെയായിരിക്കും മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. ജൂബേൽ മാതാപിതാക്കളോടൊപ്പം വീട്ടിൽ താമസിച്ചുവരികയായിരുന്നു. രാവിലെ മാതാപിതാക്കൾ പള്ളിയിൽ പോയിരുന്നതായും ഏഴരയോടെ തിരിച്ചെത്തിയപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിൽ കാണുകയായിരുന്നു. ഉടൻ വിവരം നാട്ടുകാരെ അറിയിക്കുകയും അവരുടെ സഹായത്തോടെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറുകയും ചെയ്തു.അകത്ത് കിടപ്പുമുറിയിൽ അസ്വസ്ഥനായി കിടക്കുന്ന നിലയിലാണ് ജൂബേലിനെ കണ്ടെത്തിയത്. ഉടൻ തന്നെ പൊതിയിലെ മേഴ്‌സി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിഷാദരോഗം ഉൾപ്പെടെയുള്ള മാനസിക സമ്മർദ്ദങ്ങൾ നേരിട്ടിരുന്നതായി കുടുംബം തലയോലപ്പറമ്പ് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
