You are currently viewing ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജർ വാഹനാപകടത്തിൽ മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജർ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്: ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജർ മരിച്ചു. കെഎസ്എഫ്ഇ പാലക്കാട് ടൗൺ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജറും കരിങ്കരപ്പുള്ളി കാരക്കാട് ലാൻഡ് ലിങ്ക്‌സ് ഗാർഡൻ അഹലം വീട്ടിലുമുള്ള കെ. ഷെഹ്‌ന (37) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് 6.10 ഓടെ ചന്ദ്രനഗറിലെ ഐടിഐ റസ്റ്റ് ഹൗസിന് സമീപത്തായിരുന്നു അപകടം. റോഡരികിലെ മെറ്റലിലൂടെ ബൈക്ക് കയറിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ ഷെഹ്‌നയുടെ തലയിലൂടെ പിന്നാലെ വന്ന ലോറിയുടെ പിൻചക്രം കയറി ഇറങ്ങുകയായിരുന്നു. ഷെഹ്‌ന തൽക്ഷണം മരിച്ചു.

അപകടത്തിൽ റോഡിൽ വീണ ഭർത്താവ്, തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥനായ അബ്ദുൽ ജലീൽ, കൈക്കും കാലിനും പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ലോറി കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം ഷെഹ്‌ന വലതുവശത്തേക്കും അബ്ദുൽ ജലീൽ ഇടതുവശത്തേക്കുമാണ് തെറിച്ചുവീണത്.

കസബ പൊലീസ്, ഹൈവേ പൊലീസ്, കഞ്ചിക്കോട് അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോർട്ടത്തിനുശേഷം വ്യാഴാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അൽഹാൻ, അഹിയാൻ എന്നിവരാണ് ഷെഹ്‌നയുടെ മക്കൾ. പിതാവ് കരീം. മാതാവ് മെഹ്റുബാനു (പാലക്കാട് ട്രാഫിക് പൊലീസിലെ എഎസ്ഐ).

Leave a Reply