തിരുവനന്തപുരം: മിതമായ നിരക്കിൽ ഉയർന്ന നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനായി ആറുമാസം മുമ്പ് ആരംഭിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ,₹27,86,522 ലാഭം നേടിയതായി കേരള ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. വിതുരയിൽ ഡ്രൈവിംഗ് സ്കൂളും, ടൂറിസം ഹബും കെ.എസ്.ആർ.ടി.സിയുടെ വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
ആരംഭിച്ചതുമുതൽ 661 പേർ ഈ സ്കൂളിൽ ഡ്രൈവിംഗ് പരിശീലനത്തിന് ചേർന്നിട്ടുണ്ട്. പരിശീലനം മികച്ചതാക്കുകയും, ആത്മവിശ്വാസമുള്ള ഡ്രൈവർമാരെ ഉണ്ടാക്കുകയും ചെയ്യുക എന്നത് സ്കൂളിന്റെ പ്രധാന ലക്ഷ്യമാണെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ കെ എസ് ആർ ടി സി ബസുകളിലും അകത്തും പുറത്തും ക്യാമറകൾ സ്ഥാപിക്കും.യാത്രക്കാർ കൈ കാണിച്ചിട്ട് ബസ് നിർത്താതെ പോയാൽ നടപടി എടുക്കും. സൂപ്പർഫാസ്റ്റ് ബസുകൾ നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ ബസ് എസി ബസാക്കി മാറ്റുന്നതിനുള്ള ട്രയൽ റണ്ണിനായി അയയ്ക്കും .കെഎസ്ആർടിസി ജീവനക്കാർക്ക് ആരോഗ്യ പരിശോധന നടത്തുന്നതിന് മൊബൈൽ മെഡിക്കൽ യൂണിറ്റ് ആരംഭിക്കും. യൂണിറ്റ് എല്ലാ മാസവും അഞ്ച് ഡിപ്പോകളിൽ പരിശോധന നടത്തും, മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.