
നാഷണൽ ഹൈവേ, എംസി റോഡ് എന്നീ പ്രധാന ഗതാഗത പാതകളോടനുബന്ധിച്ചും സംസ്ഥാനത്തിന് പുറത്തുമുള്ള എഴുപതിലധികം ഹോട്ടലുകളെ കെഎസ്ആർടിസി അക്രഡിറ്റ് ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു. യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനുള്ള മികച്ച സൗകര്യവും സുരക്ഷിതമായ യാത്രാനുഭവവും ഉറപ്പാക്കുന്നതിനായാണ് ഈ പദ്ധതി നടപ്പാക്കിയത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മലിനീകരണ രഹിതവും ശുചിത്വമുള്ളതുമായ ടോയ്ലറ്റുകൾ, വിശാലമായ പാർക്കിംഗ് സൗകര്യം, ന്യായമായ വിലയിൽ ഗുണമേൻമയുള്ള ഭക്ഷണം എന്നിവയാണ് ഹോട്ടലുകൾ അക്രഡിറ്റേഷന്‍ നൽകുന്നതിനുള്ള മാനദണ്ഡങ്ങളായി കെഎസ്ആർടിസി കണക്കാക്കിയിട്ടുള്ളത്. നിബന്ധനകൾ പാലിക്കുന്ന ഈ ഹോട്ടലുകളിൽ മാത്രമേ ഇനി മുതൽ കെഎസ്ആർടിസി ബസുകൾ നിർത്തുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.
അക്രഡിറ്റേഷൻ സംവിധാനം നടപ്പാക്കിയതോടെ യാത്രക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി മന്ത്രി പറഞ്ഞു .
