
തിരുവനന്തപുരം:
കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) വരുമാനത്തിൽ ചരിത്ര നേട്ടം കൈവരിച്ചു. 2026 ജനുവരി 5ന് കെഎസ്ആർടിസി ഒരുദിവസം നേടിയത് ആകെ ₹13.01 കോടി രൂപയാണ്. ഇതിൽ ടിക്കറ്റ് വരുമാനം മാത്രം ₹12.18 കോടി രൂപയായി, സർവകാല റെക്കോർഡായി മാറി.

നിലവിൽ എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായി രേഖപ്പെടുത്തിയിരുന്നത് 2025 സെപ്റ്റംബർ 8ന് നേടിയ ₹10.19 കോടി രൂപയായിരുന്നു. എന്നാൽ 2026 ജനുവരി 5ന് ആ റെക്കോർഡ് ഭേദിച്ച് കെഎസ്ആർടിസി ₹12.18 കോടി രൂപയുടെ ടിക്കറ്റ് കളക്ഷൻ നേടി. ടിക്കറ്റിതര വരുമാനമായി ലഭിച്ച ₹83.5 ലക്ഷം രൂപ ഉൾപ്പെടെയാണ് ആകെ വരുമാനം ₹13.01 കോടി രൂപയായത്.
കഴിഞ്ഞ വർഷം ഇതേ ദിവസം സമാന സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം ₹9.08 കോടി രൂപയായിരുന്നു. നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി വിവിധ മേഖലകളിൽ അടുത്തകാലത്ത് നടപ്പാക്കിയ കാലോചിതമായ പരിഷ്കരണ പദ്ധതികളും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിത പരിശ്രമങ്ങളുമാണ് വരുമാന വർധനയ്ക്ക് സഹായകമായതെന്ന് അധികൃതർ അറിയിച്ചു.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണെന്നും, മികച്ച ടിക്കറ്റ് വരുമാനം ലക്ഷ്യമാക്കി നിശ്ചയിച്ച ടാർജറ്റ് 83 ഡിപ്പോകൾക്ക് കൈവരിക്കാനായതും ഈ നേട്ടത്തിന് കാരണമായെന്നും കെഎസ്ആർടിസി വ്യക്തമാക്കി. ഗതാഗതവകുപ്പ് മന്ത്രിയുടെ പുരോഗമനപരമായ ആശയങ്ങൾ, പുതിയ ബസുകളുടെ വരവ്, ഓഫ്‌റോഡ് വാഹനങ്ങൾ കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കാനായ നടപടി, സേവനങ്ങളിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങൾ എന്നിവ യാത്രക്കാരിൽ വലിയ സ്വീകാര്യത നേടിയതായും അറിയിച്ചു.
സ്വയംപര്യാപ്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനായി മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവരുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന ശക്തമായ പിന്തുണയും സഹകരണവുമാണ് കോർപ്പറേഷനിന് കരുത്താകുന്നതെന്നും അധികൃതർ പറഞ്ഞു.
ഈ അഭിമാനകരമായ നേട്ടത്തിനായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും, കെഎസ്ആർടിസിയിൽ വിശ്വാസം പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ എല്ലാവരോടും കെഎസ്ആർടിസിയുടെ പേരിൽ നന്ദി അറിയിക്കുന്നതായി ചെയർമാനും മാനേജിംഗ് ഡയറക്ടറും അറിയിച്ചു.