You are currently viewing കെഎസ്ആർടിസിക്ക് വരുമാനത്തിൽ ശക്തമായ മുന്നേറ്റം; ഡിസംബർ 1-ന് മൊത്തം വരുമാനം ₹10.5 കോടി

കെഎസ്ആർടിസിക്ക് വരുമാനത്തിൽ ശക്തമായ മുന്നേറ്റം; ഡിസംബർ 1-ന് മൊത്തം വരുമാനം ₹10.5 കോടി

തിരുവനന്തപുരം: സാമ്പത്തിക വരുമാനത്തിൽ ചരിത്രം നേട്ടം കുറിച്ച് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) 2025 ഡിസംബർ 1-ന് ₹10.5 കോടി രൂപ എന്ന ആകെ വരുമാനം സ്വന്തമാക്കി. ഇതിൽ ₹9.72 കോടി രൂപയാണ് ടിക്കറ്റ് കളക്ഷൻ വഴി ലഭിച്ചത് — കെഎസ്ആർടിസിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനമാണിത്.

2025 സെപ്റ്റംബർ 8-ന് നേടിയ ₹10.19 കോടി ആണ് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും ഉയർന്ന ടിക്കറ്റ് വരുമാനം. ടിക്കറ്റിതര വരുമാനമായി ലഭിച്ച ₹77.9 ലക്ഷം ഉൾപ്പെടെ കെഎസ്ആർടിസി വീണ്ടും ₹10 കോടി ക്ലബ് കടന്നതാണ്.
കഴിഞ്ഞ വർഷം ഇതേ ദിവസം ടിക്കറ്റ് വരുമാനം ₹7.79 കോടി ആയിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി വിവിധ മേഖലകളിൽ നടപ്പാക്കിയ സമയോചിത പരിഷ്‌കരണങ്ങളും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഉദ്യോഗസ്ഥരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് ഈ തുടർച്ചയായ വളർച്ചയ്ക്ക് കാരണമെന്ന് അധികൃതർ പറയുന്നു.

കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും സുതാര്യമായ പ്രവർത്തനങ്ങളിലൂടെ നിലവിൽ പ്രവർത്തന ലാഭത്തിലാണ്. ദിനവരുമാന ലക്ഷ്യം 35 ഡിപ്പോകൾ നേടിയത് ഈ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു.
പുതിയ ബസുകളുടെ വരവും, ഓഫ്-റോഡ് കുറച്ച് പരമാവധി ബസുകൾ സർവീസിൽ നിലനിർത്താനായതും, സേവന നിലവാരത്തിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരുടെ പിന്തുണ വർധിപ്പിച്ചു.

Leave a Reply