
കെഎസ്ആർടിസി തമിഴ്നാട്ടിലെ പ്രധാന ആരാധനാലയങ്ങളിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുമായി 163 പ്രത്യേക ബസ് സർവീസുകൾ ആരംഭിക്കും. കേരളത്തിൽ നിന്ന് പുറപ്പെടുന്ന ഈ സർവീസുകൾ സംസ്ഥാന അതിർത്തി കടന്ന ശേഷം ലക്ഷ്യസ്ഥാനത്ത് മാത്രമേ നിർത്തുകയുള്ളുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.

പത്തനാപുരം നിയോജകമണ്ഡലത്തിലെ തലവൂരിൽ നിന്ന് ആരംഭിക്കുന്ന വിവിധ കെഎസ്ആർടിസി സർവീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്ന് യാത്ര തുടങ്ങുന്ന ബസുകൾ കൂടുതലായും ഫുൾ ആയി തന്നെ പുറപ്പെടുമെന്നും, തമിഴ്നാട്ടിൽ നിന്ന് യാത്രക്കാരെ എടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി തമിഴ്നാട് സർക്കാരിന്റെ ബസുകളും കേരളത്തിലേക്ക് സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തീർഥാടനവും വിനോദസഞ്ചാരവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഈ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.