
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് സമീപത്ത് കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.ടി.ഡി.സി) നിർമ്മിച്ച പഞ്ചനക്ഷത്ര ഹോട്ടൽ ‘മലബാർ കോർട്യാഡ് റിസോർട്ട്’ പ്രവർത്തനം തുടങ്ങി. റിസോർട്ടിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ടൂറിസം മേഖലയിൽ സംസ്ഥാനം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരിലെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിന് സമീപം ആരംഭിച്ച കെ.ടി.ഡി.സി യുടെ ഈ പഞ്ചനക്ഷത്ര ഹോട്ടൽ വിദേശ സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കാൻ സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഴപ്പിലങ്ങാട്–ധർമ്മടം ബീച്ച് ബീച്ചുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തികൾ പൂർത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു. പുതിയ റിസോർട്ട് ആരംഭിച്ചതോടെ ഉത്തര കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവർ.