
തിരുവനന്തപുരം | ബ്രോസ്റ്റഡ് ചിക്കൻ, നഗ്ഗറ്റ്സ്, കട്‌ലറ്റ്, മോമോസ്, സമൂസ എന്നിവയുൾപ്പെടെ രുചികരമായ വിഭവങ്ങളും വിവിധ ജ്യൂസുകളും ഒരേ ഇടത്ത് ലഭ്യമാക്കി കുടുംബശ്രീ കേരള ചിക്കൻ സ്‌നാക്‌സ് ബാറുകൾക്ക് സംസ്ഥാനതല തുടക്കമായി. കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന കേരള ചിക്കൻ സ്‌നാക്‌സ് ബാറിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.

കുടുംബശ്രീ അംഗങ്ങൾ നേരിട്ട് നടത്തുന്ന ഈ സ്‌നാക്‌സ് ബാറുകളിൽ ബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ നഗ്ഗറ്റ്സ്, കട്‌ലറ്റ്, മോമോസ്, സമൂസ തുടങ്ങിയ വിഭവങ്ങൾക്കൊപ്പം ജ്യൂസുകളും ലഭ്യമാകും. കൂടാതെ കേരള ചിക്കൻ ഫാമുകളിൽ നിന്നുള്ള കോഴിയിറച്ചി ഫ്രോസൺ രൂപത്തിലും ഇവിടെ ലഭ്യമാക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ആദ്യ കേരള ചിക്കൻ സ്‌നാക്‌സ് ബാർ തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര റോഡിൽ ഐ.സി.ഐ.സി.ഐ ബാങ്കിന് സമീപം മന്ത്രി ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു നൽകി. തിരുവനന്തപുരം കോർപ്പറേഷൻ സി.ഡി.എസ് 3 ലെ ലോട്ടസ് അയൽക്കൂട്ടം അംഗമായ ഷഹീന എം ആണ് ഈ സ്‌നാക്‌സ് ബാറിന്റെ ഉടമ. ഈ വർഷം തന്നെ എല്ലാ ജില്ലകളിലും കേരള ചിക്കൻ സ്‌നാക്‌സ് ബാറുകൾ ആരംഭിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.
ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസ്, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ്, തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി, കേരള ചിക്കൻ പദ്ധതി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി (കെ.ബി.എഫ്.പി.സി.എൽ) മുഖേനയാണ് കുടുംബശ്രീ കേരള ചിക്കൻ പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവിൽ കേരളത്തിലെ ആഭ്യന്തര ഇറച്ചി കോഴി ഉത്പാദനത്തിന്റെ ഏകദേശം 10 ശതമാനം കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയിലൂടെയാണ് നടക്കുന്നത്.