സ്‌കൂൾ വിദ്യാർഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ, പഠന സാമഗ്രികൾ, ലഘു പാനീയങ്ങൾ, ഉച്ചഭക്ഷണം എന്നിവയെല്ലാം സ്‌കൂൾ മുറ്റത്തേക്കെത്തിച്ച സ്‌കൂഫെ അഥവാ ‘സ്‌കൂൾ കഫെ’ പദ്ധതി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും വ്യാപിക്കുന്നു. കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ പ്രവർത്തനമാരംഭിച്ച ജില്ലയിലെ ആദ്യ സ്‌കൂഫെക്ക് ലഭിച്ച ജനകീയ പിന്തുണയും സംരംഭകർക്ക് ലഭിച്ച വരുമാനവുമാണ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേക്കും ഈ സംവിധാനം കൊണ്ടുവരാൻ കുടുംബശ്രീ ജില്ലാ മിഷനെ പ്രേരിപ്പിച്ചത്.
ഉച്ച സമയത്ത് സദ്യ, ബിരിയാണി, കുഴിമന്തി, ചപ്പാത്തി എന്നീ വിഭവങ്ങളും മറ്റ് സമയങ്ങളിൽ ചെറുകടികൾ, കാപ്പി, ലൈം ജ്യൂസ്, ചായ എന്നിവയും സ്‌കൂഫെയിൽ ലഭിക്കും. ലഹരി മാഫിയയുമായി സമ്പർക്കം ഒഴിവാക്കാൻ വിദ്യാർഥികളെ പരമാവധി സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽത്തന്നെ നിലനിർത്തുക എന്ന ലക്ഷ്യവും ഇതിന് പിറകിലുണ്ട്. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുമണി വരെയാണ് പ്രവർത്തന സമയം. 2022-23 സാമ്പത്തിക വർഷം അനുവദിച്ച 36.5 ലക്ഷം രൂപ ഉപയോഗിച്ച് 25 സ്‌കൂളുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്. തുടർന്ന് 2023- 24 സാമ്പത്തിക വർഷത്തിൽ 40 ലക്ഷം രൂപ വകയിരുത്തി പുതുതായി 30 സ്‌കൂളുകളിൽ കൂടി സ്‌കൂഫെ സൗകര്യം ലഭ്യമാക്കി. 2024-25 സാമ്പത്തിക വർഷത്തിൽ 20 ലക്ഷം രൂപയും 2025-26 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയും സ്‌കൂഫെകൾക്കായി അനുവദിച്ചു. ജില്ലയിൽ ട്രൈബൽ സ്പെഷ്യൽ പ്രൊജക്ടിന്റെ ഭാഗമായി ആറളം ഹൈസ്‌കൂളിലും സ്‌കൂഫെ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ 62 സ്‌കൂളുകളിൽ സ്‌കൂഫെകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു സ്‌കൂഫെയിൽ രണ്ട് അയൽക്കൂട്ടം വനിതകളാണ് ജോലി ചെയ്യുന്നത്.
മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ടും ചുരുങ്ങിയ ചെലവിൽ ഏറ്റവും നല്ല ഭക്ഷണങ്ങൾ നൽകുന്നത് കൊണ്ടും സ്‌കൂഫെകളുടെ ജനപ്രീതി വർധിച്ചു വരികയാണ്. അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമൊപ്പെം സ്‌കൂളിന് സമീപമുള്ളവരും സ്‌കൂഫെകളെ ആശ്രയിക്കുന്നുണ്ട്. സ്‌കൂഫെ സംരംഭത്തിന്റെ ജനപ്രീതി കണക്കിലെടുത്ത് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ‘മാ കെയർ’ എന്ന പേരിൽ മുഴുവൻ സ്‌കൂളുകളിലും സ്‌കൂഫെ പദ്ധതി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
