കൊല്ലത്തിന്റെ പ്രശസ്തമായ മീന്‍വിഭവങ്ങളെ കേന്ദ്രമാക്കി കുടുംബശ്രീയുടെ കീഴില്‍ പന്മന ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ‘പ്രിമിയം കഫെ’ രുചി ഭേദങ്ങളുടെ ഭക്ഷ്യസംരംഭമായി രൂപം കൊണ്ടു. പ്രിമിയം സൗകര്യങ്ങളോടെ, എല്ലാ തരത്തിലുള്ള ഉപഭോക്താക്കള്‍ക്കും ആസ്വദിക്കാവുന്ന വിലയ്ക്ക് ഇവിടെ ഭക്ഷണം ലഭ്യമാകും.
ജില്ലയിലെ കുടുംബശ്രീ ശൃംഖലയുടെ ഭാഗമായി ആരംഭിക്കുന്ന ആദ്യ സംരംഭം ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ആണ് നാടിന് സമര്‍പ്പിച്ചത്. “പ്രാദേശിക ഭക്ഷ്യവിഭവങ്ങളെ ഉന്നത നിലവാരത്തില്‍ അവതരിപ്പിക്കാനും, ഈ മേഖലയെ ഒരു ഭക്ഷ്യകേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുവരാനും ഈ സംരംഭം സഹായകരമാകും,” എന്ന് മന്ത്രി പറഞ്ഞു. 80 പേര്‍ക്ക് തൊഴിലും അത്രയേറെ പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമാണ് കഫേ ഒരുക്കുന്നത്.
മീനിന്‍റെ രുചികള്‍ക്കൊപ്പം വെജ്, നോണ്‍വെജ് സദ്യ, ബിരിയാണി, അറേബ്യന്‍, ചൈനീസ് വിഭവങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവയും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രത്യേകമായി തയ്യാറാക്കുന്ന കഫെ സ്പെഷ്യലുകളായി അഷ്ടമുടി പ്രാച്ചിക്കറി, കണമ്പ് മപ്പാസ്, കല്ലുമ്മക്കായ മപ്പാസ്, അഷ്ടമുടി കരിമീന്‍ പൊള്ളിച്ചത്, ചിപ്പി റോസ്റ്റ്, കണവ 23, ചെമ്മീന്‍ മല്‍ഹാര്‍, കൂടാതെ നാലു തരം മീന്‍, കൊഞ്ച്, ഞണ്ട് ഉള്‍പ്പെടുന്ന ദേശിംഗനാട് മീന്‍ സദ്യ എന്നിവയും ലഭ്യമാണ്.