തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ക്ഷേത്രനഗരമാണ് കുംഭകോണം. സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും നിരവധി ക്ഷേത്രങ്ങൾക്കും പേരുകേട്ട കുംഭകോണം മധ്യകാല ചോള കാലഘട്ടം മുതൽ ഒരു പ്രധാന നഗരമാണ്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാമഹം ഉത്സവത്തിന് പേരുകേട്ട ഈ നഗരം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ ആകർഷിക്കുന്നു.
ഒൻപതാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ ഭരിച്ചിരുന്ന ചോള സാമ്രാജ്യത്തിനു രണ്ട് തലസ്ഥാനങ്ങളുണ്ടായിരുന്നു;തഞ്ചാവൂരും ഗംഗൈകൊണ്ട ചോളപുരവും. ഈ രണ്ട് മഹാനഗരങ്ങൾക്കിടയിലുള്ള ഒരു പ്രധാന പട്ടണമായിരുന്നു കുംഭകോണം. ഇത് കാരണം , കല, സംസ്കാരം, മതം, എന്നിവയുടെ ഒരു പ്രധാന കേന്ദ്രമായി കുഭകോണം മാറി.
ആദ്യകാല ചോളന്മാർ , പല്ലവർ , മുത്തരായർ രാജവംശം , മധ്യകാല ചോളർ , പിൽക്കാല ചോളർ , പാണ്ഡ്യന്മാർ , വിജയനഗര സാമ്രാജ്യം , മധുരൈ നായകർ , തഞ്ചാവൂർ നായ്ക്കർ , തഞ്ചാവൂർ മറാത്തകൾ എന്നിവരായിരുന്നു കുംഭകോണം ഭരിച്ചിരുന്നത് .
കുംഭകോണം 1799-ൽ തഞ്ചാവൂർ മറാത്ത ഭരണാധികാരി സെർഫോജി രണ്ടാമൻ (1777-1832) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിട്ടുകൊടുത്തു,1866-ൽ, കുംഭകോണം ഔദ്യോഗികമായി ഒരു മുനിസിപ്പൽ കോർപ്പറേഷനായി സ്ഥാപിതമായി
കുംഭകോണത്തും പരിസരത്തുമായി 200-ലധികം ക്ഷേത്രങ്ങളുണ്ട്. ശാരംഗപാണി ക്ഷേത്രം, നാഗേശ്വര സ്വാമി ക്ഷേത്രം, രാമസ്വാമി ക്ഷേത്രം, കാശി വിശ്വനാഥർ ക്ഷേത്രം എന്നിവയാണ് ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങൾ.
ചോളന്മാരാണ് അവരുടെ സുവർണ്ണ കാലഘട്ടത്തിൽ കുംഭകോണത്തെ ക്ഷേത്രങ്ങൾ നിർമ്മിച്ചത്. ഐരാവതേശ്വര ക്ഷേത്രം, ശാരംഗപാണി ക്ഷേത്രം, നാഗേശ്വർ ക്ഷേത്രം തുടങ്ങിയ അവരുടെ ക്ഷേത്ര വാസ്തുവിദ്യയുടെ മഹത്തായ നിരവധി ഉദാഹരണങ്ങൾ ഈ ശക്തമായ ഭരണ വംശത്തിന്റെ മഹത്വത്തിന്റെ സാക്ഷ്യമാണ്.
ചോള രാജവംശത്തിന്റെ മഹത്വത്തിന്റെ സാക്ഷ്യപത്രം മാത്രമല്ല, സന്ദർശകരെ വിസ്മയിപ്പിക്കുന്ന മഹത്തായ ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലുകളായി കുംഭകോണത്തെ ക്ഷേത്രങ്ങൾ നിലകൊള്ളുന്നു.
പ്രാദേശിക സമ്പദ്‌വ്യവസ്ഥ പ്രധാനമായും കൃഷി, ചെറുകിട ഉൽപ്പാദനം, കരകൗശല വസ്തുക്കൾ, ചില്ലറ വ്യാപാരം, ടൂറിസം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കുംഭകോണത്ത് ഉൽപ്പാദിപ്പിക്കുന്ന വെറ്റില ഗുണനിലവാരത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ചവയാണ്.
കുംഭകോണം പട്ടണം വിശാലമായ നെൽവയലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. കുംഭകോണത്ത് നെല്ലുത്പാദനം ഒരു പ്രധാന പ്രവർത്തനമാണ്.നിലകടലയും ധാരാളമായി കൃഷി ചെയ്യുന്നു.തിന, അരി , വെളിച്ചെണ്ണ വേർതിരിച്ചെടുക്കൽ, നെയ്ത്ത് തുടങ്ങിയ കാർഷിക-വ്യവസായങ്ങളുടെ ഒരു പ്രധാന കേന്ദ്രമാണിത്.
നിരവധി ക്ഷേത്രങ്ങളും മറ്റ് ഹൈന്ദവ ആരാധനാലയങ്ങളും ധാരാളം തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതിനാൽ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ വിനോദസഞ്ചാരം കൂടുതൽ പ്രധാന പങ്ക് വഹിക്കാൻ തുടങ്ങിയിരിക്കുന്നു.
നഗരത്തിൽ നിന്ന് ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് നേരിട്ട് ബസ് കണക്ഷനുകളുണ്ട്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുംഭകോണം ജംഗ്ഷനാണ്, ഇത് ട്രിച്ചി, മധുര, രാമേശ്വരം, കൂടാതെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളെ സാധാരണ ട്രെയിൻ സർവ്വീസുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ഏകദേശം 103 കിലോമീറ്റർ അകലെയുള്ള തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.