ഇന്ത്യൻ ബിരുദങ്ങൾ ഓസ്‌ട്രേലിയയിൽ അംഗീകരിക്കപെടുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്തി അൽബനീസ് പറഞ്ഞു.
ഇന്ത്യാ സന്ദർശന വേളയിൽ, ഗുജറാത്തിലെ ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ ഓസ്‌ട്രേലിയയിലെ ഡീക്കിൻ യൂണിവേഴ്‌സിറ്റി ഒരു അന്താരാഷ്ട്ര ബ്രാഞ്ച് കാമ്പസ് സ്ഥാപിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അൽബനീസ്.
“നമ്മുടെ ഉഭയകക്ഷി വിദ്യാഭ്യാസ ബന്ധങ്ങളിൽ കാര്യമായ പുരോഗതിയുണ്ട്. ഓസ്‌ട്രേലിയ-ഇന്ത്യ വിദ്യാഭ്യാസ യോഗ്യത തിരിച്ചറിയൽ സംവിധാനം ഞങ്ങൾ അന്തിമമാക്കിയെന്ന് നിങ്ങളോട് പറയാൻ എനിക്ക് സന്തോഷമുണ്ട്,” അദ്ദേഹം പറഞ്ഞു.
“ഈ പുതിയ സംവിധാനം അർത്ഥമാക്കുന്നത് നിങ്ങൾ ഓസ്‌ട്രേലിയയിൽ പഠിക്കുന്ന ഒരു ഇന്ത്യൻ വിദ്യാർത്ഥിയാണെങ്കിൽ, നിങ്ങൾ നാട്ടിലേക്ക് മടങ്ങുമ്പോൾ നിങ്ങളുടെ ബിരുദം അംഗീകരിക്കപ്പെടും. അല്ലെങ്കിൽ നിങ്ങൾ ഓസ്‌ട്രേലിയയിലെ വളരെ വലിയ ഇന്ത്യൻ ഡയസ്‌പോറയിലെ അംഗമാണെങ്കിൽ നിങ്ങളുടെ ഇന്ത്യൻ യോഗ്യത ഓസ്‌ട്രേലിയയിൽ അംഗീകരിക്കപ്പെടും” അദ്ദേഹം പറഞ്ഞു.
“ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൂതനമായ വിദ്യാഭ്യാസം നൽകുന്നതിന് ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ ദാതാക്കൾക്ക് വാണിജ്യപരമായ അവസരമൊരുക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരസ്പരം പങ്കാളികളാകാനുള്ള പുതിയ വഴികൾ പരിഗണിക്കുന്നതിന് ഇത് ശക്തമായ അടിത്തറ നൽകുന്നു, ”അദ്ദേഹം പറഞ്ഞു.
“ഇത് ശരിക്കും പ്രത്യക്ഷമായ നേട്ടങ്ങളുണ്ടാക്കുന്ന ഒരു മികച്ച നടപടിയാണ്,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി അദ്ദേഹം പുതിയ സ്‌കോളർഷിപ്പും പ്രഖ്യാപിച്ചു.
“ഒരു പുതിയ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ് — മൈത്രി സ്കോളർഷിപ്പുകൾ. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയയിൽ നാല് വർഷം വരെ പഠിക്കാനാണിത്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമുദായികവുമായ ബന്ധങ്ങൾ വർധിപ്പിക്കാൻ ശ്രമിക്കുന്ന വിശാലമായ മൈത്രി പ്രോഗ്രാമിന്റെ ഭാഗമാണ് സ്‌കോളർഷിപ്പുകൾ,” അൽബാനീസ് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഗവർണർ ആചാര്യ ദേവവ്രത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.