വായുവിനെ വൈദ്യുതിയാക്കി മാറ്റുന്ന ഒരു എൻസൈം ശാസ്ത്രജ്ഞർ കണ്ടെത്തി.അളവില്ലാത്ത ശുദ്ധമായ ഊർജ്ജ സ്രോതസ്സ് കണ്ടെത്തുവാൻ ഇത് സഹായിക്കും
ഓസ്‌ട്രേലിയയിലെ മെൽബണിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞർ, മണ്ണിൽ ജീവിക്കുന്ന ഒരു തരം ബാക്ടീരിയയിൽ അടങ്ങിയ ഹൈഡ്രജൻ ഭക്ഷിക്കുന്ന ഒരു എൻസെമിന് അന്തരീക്ഷത്തിലെ ഹൈഡ്രജനിൽ നിന്ന് വൈദ്യുതി സൃഷ്ടിക്കാൻ കഴിയുമെന്ന് കണ്ടെത്തി.
അന്റാർട്ടിക് മണ്ണിലും അഗ്നിപർവത ഗർത്തങ്ങളിലും സമുദ്രത്തിൻ്റെ ആഴത്തിലും വളരാനും അതിജീവിക്കാനും ബാക്‌ടീരിയകൾക്ക് ഊർജ സ്രോതസ്സായി വായുവിലെ ഹൈഡ്രജനെ ഉപയോഗിക്കാനാകുമെന്ന് കുറച്ചുകാലമായി ഞങ്ങൾക്കറിയാം,”മോനാഷ് യൂണിവേഴ്സിറ്റിയുടെ ബയോമെഡിസിൻ ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ക്രിസ് ഗ്രീനിംഗ് പറഞ്ഞു.
“പക്ഷേ ഇതുവരെ അവർ എങ്ങനെ ഇത് ചെയ്യുന്നുവെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു, ” അദ്ദേഹം പറഞ്ഞു
ഈ പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് ബുധനാഴ്ച പ്രസിദ്ധീകരിച്ച നേച്ചർ ജേണലിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ഗവേഷകർ പറയുന്നതനുസരിച്ച്, ഹക്ക് എന്ന് വിളിക്കപ്പെടുന്ന എൻസൈം “അതിശയകരമാംവിധം സ്ഥിരതയുള്ളതും” ” വായുവിൽ നിന്ന് ഊർജ്ജം” സൃഷ്ടിക്കുന്നതിൽ കാര്യക്ഷമതയുള്ളതുമാണെന്ന് തെളിയിച്ചു.
“ ഹക്ക് അസാധാരണമാംവിധം കാര്യക്ഷമമാണ്,” മോനാഷ് സർവകലാശാലയിലെ ഡോ.റൈസ് ഗ്രിന്റർ പറഞ്ഞു.
“അറിയപ്പെടുന്ന മറ്റെല്ലാ എൻസൈമുകളിൽ നിന്നും കെമിക്കൽ കാറ്റലിസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി, ഇത് അന്തരീക്ഷ നിലവാരത്തിന് താഴെയുള്ള ഹൈഡ്രജൻ പോലും ഉപയോഗിക്കുന്നു – നമ്മൾ ശ്വസിക്കുന്ന വായുവിന്റെ 0.00005 ശതമാനം മാത്രം.”
വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശക്തി നഷ്‌ടപ്പെടാതെ തന്നെ, ശുദ്ധീകരിച്ച ഹക്കി നെ തണുത്തുറഞ്ഞ താപനിലയിലോ 80 ഡിഗ്രി സെൽഷ്യസ് വരെയോ ദീർഘകാലത്തേക്ക് സുക്ഷിക്കാൻ കഴിയുമെന്ന് പരീക്ഷണങ്ങൾ കണ്ടെത്തി.
ഹക്കിന്റെ ഉൽപ്പാദനം വർധിപ്പിക്കുക എന്നതാണ് ഏറ്റവും അടിയന്തിര ലക്ഷ്യം, അതിലൂടെ അത് അർത്ഥവത്തായ അളവിൽ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയും.
ഡോ ഗ്രിന്റർ പറഞ്ഞു: “ഒരിക്കൽ ഞങ്ങൾ ആവശ്യത്തിന് ഹക്കിനെ ഉൽപ്പാദിപ്പിച്ചാൽ, ആകാശം അക്ഷരാർത്ഥത്തിൽ ശുദ്ധമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനുള്ള സ്രോതസ്സാണ്.”