കോട്ടയം: ഏറ്റുമാനൂരിൽ മീനച്ചിലാറ്റിൽ ചാടിയ അമ്മയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും ദാരുണമായി മരണപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. നീറിക്കാട് തൊണ്ണൻമാവുങ്കൽ സ്വദേശി ജിമ്മിയുടെ ഭാര്യയായ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കുട്ടികളെ ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിൽ ഒഴുകി വന്ന നിലയിലാണ് ആദ്യം കണ്ടത്.തുടർന്ന് നടത്തിയ തിരച്ചിലിൽ അമ്മ ജിസ്മോൾ തോമസിനെ ഏറ്റുമാനൂർ ആറ്റിറമ്പ് ഭാഗത്ത് നിന്നും കണ്ടെത്തി. മൂവരെയും ഉടൻ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശേഷം, സംഭവസ്ഥലത്തിന് സമീപം ജിസ്മോളിന്റെ സ്‌കൂട്ടറും പൊലീസ് കണ്ടെത്തി. സ്‌കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.
മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. കുടുംബ പ്രശ്‌നങ്ങളോ മറ്റ് കാരണങ്ങളോ കണക്കിലെടുത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവം ഏറ്റുമാനൂർ പ്രദേശത്ത് അതീവ ദു:ഖത്തിനിടയാക്കിയിട്ടുണ്ട്.