You are currently viewing ലൈഫ് മിഷൻ നേട്ടം: അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി കേരളം ചരിത്ര നേട്ടത്തിൽ

ലൈഫ് മിഷൻ നേട്ടം: അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി കേരളം ചരിത്ര നേട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമഗ്ര ഭവന പദ്ധതിയായ ലൈഫ് മിഷൻ മുഖേന അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി കേരളം പുതുചരിത്രം രചിക്കാനൊരുങ്ങുന്നു. അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കും.

ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച 6,04,046 വീടുകളിൽ 5,00,364 വീടുകളാണ് പൂർത്തിയായത്. ശേഷിക്കുന്ന 1,03,682 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ഭവന പദ്ധതികളുടെ ഭാഗമായി രാജ്യത്ത് ഏറ്റവും കൂടുതൽ ധനസഹായം നൽകുന്ന സംസ്ഥാനമായി കേരളം തുടരുകയാണ്. പട്ടികവർഗ സങ്കേതങ്ങളിലെ ഗുണഭോക്താക്കൾക്ക് ആറുലക്ഷം രൂപയും ജനറൽ വിഭാഗത്തിന് നാലുലക്ഷം രൂപയുമാണ് സംസ്ഥാന സർക്കാർ അനുവദിക്കുന്നത്.

ലൈഫ് മിഷൻ പദ്ധതിയിലൂടെ ഇതുവരെ 20,831.6 കോടി രൂപയാണ് വീടുകളുടെ നിർമ്മാണത്തിനായി ചെലവഴിച്ചത്. ഇതിൽ 18,342.7 കോടി രൂപയും (88.05 ശതമാനം) സംസ്ഥാന സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ വിഹിതവും വായ്പയും ഉൾപ്പെടെ കേരളം തന്നെ കണ്ടെത്തിയതാണ്. ശേഷിക്കുന്ന 2,488.9 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതമായി ലഭിച്ചത്.

പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ, അർബൻ വിഭാഗങ്ങളിൽ ഉൾപ്പെട്ട വീടുകൾക്കാണ് കേന്ദ്രസഹായം ലഭിച്ചത്. ഗ്രാമപ്രദേശങ്ങളിൽ 72,000 രൂപയും നഗരപ്രദേശങ്ങളിൽ ഒന്നരലക്ഷം രൂപയുമാണ് കേന്ദ്രസർക്കാർ നൽകുന്നത്. എന്നാൽ ഈ ഗുണഭോക്താക്കൾക്കും സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ലൈഫ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ 3,66,230 വീടുകൾക്ക് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ലൈഫ് മിഷൻ തന്നെ നിർമ്മാണത്തിനാവശ്യമായ മുഴുവൻ തുകയും ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ 73.19 ശതമാനം വീടുകളും പൂർണമായും സംസ്ഥാന സർക്കാർ പദ്ധതിയിലൂടെയാണ് പൂർത്തിയായത്. ആകെ 1,34,134 വീടുകൾക്കാണ് കേന്ദ്രത്തിന്റെ സഹായം ലഭിച്ചത്.

അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണെന്ന നിലപാടോടെ നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതി രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്ന വികസന മുന്നേറ്റമാണെന്നാണ് സർക്കാർ വിലയിരുത്തൽ. ലൈഫ് പദ്ധതിയിലൂടെ കേരളത്തിന്റെ യഥാർത്ഥ വികസന മാതൃക ഒരിക്കൽ കൂടി രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടുകയാണ്.

Leave a Reply