You are currently viewing ക്രിസ്മസ് കാലത്ത് മദ്യവിൽപ്പന കുതിച്ചു; നാല് ദിവസത്തിൽ 332.62 കോടി രൂപ

ക്രിസ്മസ് കാലത്ത് മദ്യവിൽപ്പന കുതിച്ചു; നാല് ദിവസത്തിൽ 332.62 കോടി രൂപ

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 22 മുതൽ 25 വരെ നാല് ദിവസങ്ങളിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ വഴി 332.62 കോടി രൂപയുടെ മദ്യം സംസ്ഥാനത്ത് വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18.99 ശതമാനം അധിക വിൽപ്പനയാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.

ക്രിസ്മസിന്‍റെ തലേന്ന് ഡിസംബർ 24നാണ് ഏറ്റവുമധികം വിൽപ്പന നടന്നത്. ആ ദിവസം മാത്രം 114.45 കോടി രൂപയുടെ മദ്യം കോർപ്പറേഷൻ വിറ്റഴിച്ചു. ക്രിസ്മസ് ദിനമായ ഡിസംബർ 25ന് 59.21 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്.
മറ്റ് ദിവസങ്ങളിലെ വിൽപ്പന കണക്കുകൾ ഇപ്രകാരമാണ്: ഡിസംബർ 22ന് 77.62 കോടി രൂപയും ഡിസംബർ 23ന് 81.56 കോടി രൂപയും.
പുതിയ പ്രീമിയം ഔട്ട്ലെറ്റുകൾ തുറന്നതും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട പർച്ചേസിംഗ് സൗകര്യങ്ങൾ ഒരുക്കിയതുമാണ് വിൽപ്പന വർധിക്കാൻ പ്രധാന കാരണങ്ങളെന്ന് ബിവറേജസ് കോർപ്പറേഷൻ അധികൃതർ വിലയിരുത്തുന്നു.

ഇവ ബിവറേജസ് കോർപ്പറേഷൻ വഴി മാത്രം നടന്ന വിൽപ്പനയുടെ കണക്കുകളാണെന്നും, കൺസ്യൂമർഫെഡ് വഴി നടന്ന മദ്യവിൽപ്പനയുടെ കണക്കുകൾ പിന്നീട് ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply