You are currently viewing തദ്ദേശ തിരഞ്ഞെടുപ്പ് : എ.ഐ. പ്രചാരണങ്ങള്‍ കടുത്ത നിരീക്ഷണത്തില്‍

തദ്ദേശ തിരഞ്ഞെടുപ്പ് : എ.ഐ. പ്രചാരണങ്ങള്‍ കടുത്ത നിരീക്ഷണത്തില്‍

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും ശബ്ദങ്ങളും തെറ്റായ വിവരങ്ങളും സൃഷ്ടിച്ച് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് നടപടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും മത്സരത്തിലെ നീതിയും ഉറപ്പാക്കാന്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണ സംഘം അംഗങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നുമാണ് നിര്‍ദ്ദേശം.
സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിന് തെരഞ്ഞെടുപ്പ് സമയത്ത് കൂടുതലായും സാധ്യതയുണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുകയും ചെയ്യുമെന്ന മുന്നറിയിപ്പോടെയാണ് കമ്മീഷന്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

സാങ്കേതികവിദ്യ ദുരുപയോഗമില്ലാതെ, നീതിപൂര്‍വ്വം തിരഞ്ഞെടുപ്പ് നടത്താന്‍ എല്ലാവരുടെയും സഹകരണം നിർണായകമാണെന്ന് കമ്മീഷണര്‍ പറഞ്ഞു.
ഐടി ആക്റ്റ് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ് 2021, ഭാരതീയ ന്യായസംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം തുടങ്ങിയ നിയമങ്ങള്‍ ഡിജിറ്റല്‍ ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. ഡീപ് ഫേക്ക് വീഡിയോയും ഓഡിയോയും, തെറ്റായ വിവരങ്ങളും, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കവും, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതും, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നതും പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു.

എ.ഐ. ഉപയോഗിച്ചോ ഡിജിറ്റലായി മാറ്റം വരുത്തിയോ സൃഷ്ടിക്കുന്ന എല്ലാ പ്രചാരണ സാമഗ്രികളിലും ‘AI Generated’ / ‘Digitally Enhanced’ / ‘Synthetic Content’ എന്നീ ലേബലുകള്‍ നിര്‍ബന്ധമായും ഉള്ളതായി ഉറപ്പാക്കണം. വീഡിയോയില്‍ സ്‌ക്രീനിന്റെ മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10% ഭാഗത്ത്, ഓഡിയോയില്‍ ആദ്യ 10% സമയപരിധിയില്‍ ലേബല്‍ വ്യക്തമായി രേഖപ്പെടുത്തണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടേയോ സ്ഥാപനത്തിന്റേയോ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വ്യക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരാളുടെ രൂപം, ശബ്ദം, സ്വത്വം എന്നിവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റി അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായും വിലക്കപ്പെട്ടിരിക്കുന്നു. പാര്‍ട്ടികളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത്തരത്തിലുള്ള ഉള്ളടക്കം കണ്ടെത്തിയാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം. ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും പ്ലാറ്റ്ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. എ.ഐ. ഉപയോഗിച്ച് സൃഷ്ടിച്ച എല്ലാ പ്രചാരണ സാമഗ്രികളുടെ നിര്‍മ്മാണ തീയതിയും നിര്‍മ്മാതാവിന്റെ വിവരങ്ങളും  രേഖകളായി സൂക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Leave a Reply