മുംബൈ: നഗരത്തിലെ വിവിധ മതസ്ഥാപനങ്ങളിൽ നിന്ന് ഏകദേശം 1,500 ലൗഡ്സ്പീക്കറുകൾ സമാധാനപരമായി നീക്കം ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. ശബ്ദ മലിനീകരണ നിയന്ത്രണത്തിനായി ബോംബെ ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ പാലിച്ചാണ് ഈ നടപടി സ്വീകരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥർ വിവിധ മത-സാമുദായിക നേതാക്കളുമായി ചർച്ച നടത്തി, അവരുടെ സഹകരണം ഉറപ്പാക്കിയാണ് ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്തത്. ഒരു മതത്തെയും ലക്ഷ്യമിടാതെ, എല്ലാ മതസ്ഥാപനങ്ങളിലും ഈ നടപടി നടപ്പാക്കുകയായിരുന്നു. മതപരമായ ആഘോഷങ്ങൾക്കായി താൽക്കാലികമായി ലൗഡ്സ്പീക്കർ ഉപയോഗിക്കാൻ അനുമതി നൽകുമെന്നും അധികൃതർ അറിയിച്ചു.
പോലീസിന്റെ നടപടികളിൽ വലിയ പ്രതിഷേധമോ കലാപമോ ഉണ്ടായിട്ടില്ല. സമാധാനപരമായ രീതിയിൽ, എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെ നടപടികൾ മുന്നോട്ടുപോയതാണെന്ന് പൊലീസ് വ്യക്തമാക്കി.
