ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ ‘കേരള മോഡൽ’
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ സ്ഥാപിക്കുന്ന കാര്യം മഹാരാഷ്ട്ര സർക്കാർ പരിഗണിക്കുന്നു.
ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി എഐ ക്യാമറകൾ വിന്യസിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ മഹാരാഷ്ട്രയിലെ ട്രാൻസ്‌പോർട്ട് കമ്മീഷണർ വിവേക് ഭീമൻവർ അടുത്തിടെ കേരളം സന്ദർശിച്ചിരുന്നു.
സന്ദർശന വേളയിൽ കേരള ഗതാഗത മന്ത്രി ആന്റണി രാജുവുമായി ചർച്ച നടത്തുകയും മഹാരാഷ്ട്രയിലും സമാനമായ സംവിധാനം നടപ്പാക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.
കേരളത്തിന്റെ എഐ ക്യാമറാ സംവിധാനത്തിൻ്റെ കാര്യക്ഷമത മറ്റ് സംസ്ഥാനങ്ങളുടെ ശ്രദ്ധയും ആകർഷിച്ചു. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പ് പ്രതിനിധികൾ ജൂൺ, ജൂലൈ മാസങ്ങളിൽ ഈ എഐ ക്യാമറകളുടെ നടത്തിപ്പ് പഠിക്കാൻ കേരളം സന്ദർശിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇത്തരം താൽപ്പര്യം എഐ ക്യാമറ പദ്ധതിയുടെ വിജയത്തെ സൂചിപ്പിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു
“സേഫ് കേരള” പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഏകദേശം 726 എഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുക, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുക, ഇരുചക്രവാഹനത്തിൽ യാത്രക്കാരുടെ പരിധി കവിയുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, ചുവപ്പ് ലൈറ്റ് ലംഘിക്കുക തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങളാണ് ഈ ക്യാമറകൾ പ്രധാനമായും കണ്ടെത്തുന്നത്.
ജൂണിനും ജൂലൈയ്ക്കും ഇടയിൽ മാത്രം 20 ലക്ഷം ട്രാഫിക് നിയമലംഘനങ്ങൾ എഐ ക്യാമറകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഈ ക്യാമറകളുടെ വിന്യാസം കേരളത്തിലെ റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിന് കാരണമായി എന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.