
തിരുവനന്തപുരം: 2016ൽ സംസ്ഥാനത്ത് വെറും രണ്ട് സിന്തറ്റിക് ട്രാക്കുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് 2025ഓടെ 24 സിന്തറ്റിക് ട്രാക്കുകളുള്ള സംസ്ഥാനമായി കേരളം വളർന്നു. ഒമ്പതര വർഷത്തിനിടെ 22 പുതിയ സിന്തറ്റിക് ട്രാക്കുകളാണ് കേരളത്തിൽ നിർമിച്ചത്. ഇതിന് പുറമെ ആറു സിന്തറ്റിക് ട്രാക്കുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഈ വികസനത്തോടെ എല്ലാ ജില്ലകളിലും സിന്തറ്റിക് ട്രാക്കുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഇത് സംസ്ഥാനത്തെ കായിക രംഗത്തിന് വലിയ ഉണർവേകുമെന്ന് കായിക മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. സ്കൂൾ, കോളേജ് തലങ്ങളിലെ കായിക താരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യം ലഭ്യമാകുന്നതോടൊപ്പം ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ കേരളത്തിന്റെ സാന്നിധ്യം കൂടുതൽ ശക്തമാകുമെന്നും പ്രതീക്ഷിക്കുന്നു.
നീലേശ്വരം, കൽപ്പറ്റ, പരിയാരം, തലശ്ശേരി, ബ്രണ്ണൻ കോളേജ്, മേപ്പയ്യൂർ, നിലമ്പൂർ, എടപ്പാൾ, പൊന്നാനി, ചാത്തന്നൂർ, കോട്ടായി, പറളി, കുന്നംകുളം, നാട്ടിക, എറണാകുളം, പ്രീതികുളങ്ങര, നെടുങ്കണ്ടം, പാല, കൊടുമൺ, കൊല്ലം, ആറ്റിങ്ങൽ, ജി വി രാജ സ്‌കൂൾ എന്നിവിടങ്ങളിലാണ് പുതിയ സിന്തറ്റിക് ട്രാക്കുകൾ സജ്ജമായത്.
അതേസമയം ഇരിങ്ങാലക്കുട, കടയിരുപ്പ്, കുസാറ്റ്, ചെങ്ങന്നൂർ, പത്തനംതിട്ട, മൂവാറ്റുപുഴ തുടങ്ങിയ കേന്ദ്രങ്ങളിലായി ആറ് സിന്തറ്റിക് ട്രാക്കുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇവയും പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ കായിക അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തമാകും.
കായിക രംഗത്തെ സമഗ്ര വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ഭാവിയിലെ ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള അന്തർദേശീയ മത്സരങ്ങളിൽ കേരളത്തിൽ നിന്നുള്ള താരങ്ങൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഈ പദ്ധതികൾ വഴിയൊരുക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.