മലമ്പുഴ: മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണത്തിനും സമഗ്ര വികസനത്തിനുമായി 74.66 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസർക്കാരിൻറെ അംഗീകാരം ലഭിച്ചതായി എ. പ്രഭാകരൻ എംഎൽഎ അറിയിച്ചു. ഈ പദ്ധതി മലമ്പുഴയുടെ പഴയ കാല പ്രതാപം വീണ്ടെടുക്കുന്നതിനും സഞ്ചാരികളുടെ തിരക്ക് വർദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കും.
സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഉദ്യാനം 30 മേഖലകളായി വിഭജിച്ച് 74.66 കോടി രൂപയുടെ വികസന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. കാലോചിതമായ നവീകരണ പ്രവർത്തനങ്ങളിലൂടെ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
“മലമ്പുഴയുടെ സമഗ്ര വികസനത്തിനായി നിരവധി ശ്രമങ്ങൾ നടത്തിയതാണ് ഇന്നത്തെ ഈ അംഗീകാരത്തിന് കാരണമായത്. സംസ്ഥാന സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും വികസനോന്മുഖ കാഴ്ചപ്പാടിന്റെയും, എന്റെ നിരന്തര ഇടപെടലുകളുടെയും ഫലമായിട്ടാണ് ഈ പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്,” എംഎൽഎ പറഞ്ഞു.

മലമ്പുഴ ഉദ്യാനം/ഫോട്ടോ-തിമോത്തി എ ഗോൺ സാൽവസ്