
കാസർഗോഡ് ∙ മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയൊരു ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. കാസർഗോഡ് ജില്ലയിലെ കുണിയയിൽ നടന്ന സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

മലപ്പുറം ജില്ലയിലെ ജനസംഖ്യ 45 ലക്ഷം കടന്ന സാഹചര്യത്തിൽ, ഭരണകാര്യക്ഷമത വർധിപ്പിക്കാനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യാനും ജില്ല വിഭജനം അത്യന്താപേക്ഷിതമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ജില്ലയുടെ വലുപ്പവും ജനസംഖ്യയും ഭരണ സംവിധാനങ്ങൾക്ക് വെല്ലുവിളിയാകുന്നുവെന്നും സമസ്ത വ്യക്തമാക്കി.
മലപ്പുറം ജില്ലയ്ക്ക് പുറമെ എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളുടെയും പുനർനിർണയം ആവശ്യമാണ് എന്നും ഇതിന് ശാസ്ത്രീയ പഠനങ്ങൾ നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിലൂടെ സിവിൽ സ്റ്റേഷൻ, ആശുപത്രികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുമെന്നും പിന്നോക്ക പ്രദേശങ്ങളുടെ വികസനം വേഗത്തിലാകുമെന്നും സമസ്ത പ്രത്യാശ പ്രകടിപ്പിച്ചു.
രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനർനിർണയം യാഥാർത്ഥ്യമാക്കാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. 39 പാർലമെന്റ് മണ്ഡലങ്ങൾക്ക് 38 ജില്ലകൾ ഉള്ള തമിഴ്നാട് കേരളത്തിന് മാതൃകയാണെന്നും സമസ്ത ചൂണ്ടിക്കാട്ടി.
മുശാവറ അംഗം ഉമർ ഫൈസി മുക്കമാണ് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചത്.