
തിരുവനന്തപുരം: ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ നടന്ന സംഭവമാണ് ഇതിന് ഏറ്റവും പുതിയ ഉദാഹരണമെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ച പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും ബിജെപി പാളയത്തിലെത്തിയതോടെ പഞ്ചായത്തിന്റെ ഭരണം ബിജെപി കൈപ്പിടിയിലാക്കി. യുഡിഎഫിന് അവിടെ എട്ട് കോൺഗ്രസംഗങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. “മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തിരിക്കുകയാണ്. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്,” മുഖ്യമന്ത്രി വിമർശിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരത്തെ നടന്ന സമാന സംഭവങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മറ്റത്തൂരിനെ ‘കേരള മോഡൽ’ എന്ന് വിശേഷിപ്പിച്ചത്. 2016-ൽ അരുണാചൽ പ്രദേശിൽ 44 കോൺഗ്രസ് എംഎൽഎമാരിൽ മുഖ്യമന്ത്രിയടക്കം 43 പേർ ഒറ്റരാത്രികൊണ്ട് എൻഡിഎയിലേക്ക് മാറിയതും, 2021-ൽ ഒരു എംഎൽഎ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ് അംഗങ്ങളെ ചേർത്ത് ബിജെപി അധികാരം പിടിച്ചതും, 2019-ൽ ഗോവയിലെ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർടി ഒന്നടങ്കം ബിജെപിയിൽ ലയിച്ചതുമാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
മറ്റത്തൂരിൽ എൽഡിഎഫ് പ്രസിഡന്റ് അധികാരമേൽക്കുന്നത് തടയാനാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയോടൊപ്പം പോയതെന്നും അത് അവർ തുറന്നു പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ കോൺഗ്രസിൽ നിൽക്കുന്നവർ പോലും ‘ഇരുട്ടിവെളുക്കുമ്പോഴേക്കും’ ബിജെപി ആകാൻ മടിക്കില്ലെന്നതാണ് ഈ സംഭവത്തിലൂടെ തെളിയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസുകാർക്ക് മനസ്സാക്ഷിക്കുത്തില്ലെന്നും, ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകുമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയതെന്നും വിമർശനം ഉയർന്നു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ബിജെപി–കോൺഗ്രസ് അഡ്ജസ്റ്റ്മെന്റ് നിലനില്ക്കുന്നതായി തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നതായും, സ്വയം വിൽക്കാനുള്ള കോൺഗ്രസിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരളത്തിലെ രാഷ്ട്രീയ വ്യാമോഹങ്ങൾക്ക് വളം ഇടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റത്തൂർ മോഡൽ കോൺഗ്രസിന്റെ ഇത്തരം രാഷ്ട്രീയ തന്ത്രങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.