ന്യൂഡൽഹി, ഫെബ്രുവരി 13 – ഭാരതത്തിന്റെ ആദ്യ ആഴക്കടൽ പര്യവേഷണ വാഹനമായ മത്സ്യ 6000 2026-ഓടെ സമുദ്രത്തിൽ 6,000 മീറ്റർ ആഴത്തിലേക്ക് ഊളിയിട്ട് ഇറങ്ങും. മൂന്നുപേർ ഈ പര്യവേഷണത്തിൽ പങ്കെടുക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൂമിശാസ്ത്ര വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ അറിയിച്ചു.
ഡിപ്പ് ഒഷ്യൻ മിഷന്റെ ഭാഗമായി, മത്സ്യ 6000 സമുദ്ര ജീവികളെയും ധാതുസമ്പത്തുക്കളെ കുറിച്ച് പഠിക്കാനും വിവിധ സർവേകളും ഗവേഷണങ്ങളും നടത്താനുമാണ് വിനിയോഗിക്കുക.
സുരക്ഷിതമായ മനുഷ്യ ഗതാഗതത്തിനായി, മത്സ്യ 6000 2.1 മീറ്റർ വ്യാസമുള്ള ടൈറ്റാനിയം അലോയ് ലോഹങ്ങൾ കൊണ്ട് നിർമ്മിച്ചതാണ്. ഇത് ISROയുടെ സഹകരണത്തോടെയാണ് നിർമ്മിച്ചത്. കൂടാതെ, താരതമ്യേന കുറഞ്ഞ ഭാരം, വൈദ്യുതി നിയന്ത്രണ സംവിധാനം, നേവിഗേഷൻ ഉപകരണങ്ങൾ, അടിയന്തര രക്ഷാ സംവിധാനങ്ങൾ എന്നിവയും ഇതിലുണ്ടാകും. പേടകത്തിന് 12 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാൻ കഴിയും, അതേസമയം 96 മണിക്കൂർ അടിയന്തര പ്രവർത്തന ശേഷിയും ഉണ്ടായിരിക്കും.
ഇത് ഇന്ത്യയുടെ ആഴക്കടൽ ഗവേഷണത്തിൽ, പ്രധാന പങ്കുവഹിക്കുമെന്ന് സിംഗ് വ്യക്തമാക്കി. പര്യവേഷണ സംഘത്തിലെ മൂന്ന് അംഗങ്ങൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനം വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മിഷൻ ഭാരതത്തിന്റെ ആഴക്കടൽ ഗവേഷണ ശേഷി വർദ്ധിപ്പിച്ച്, ശാസ്ത്ര-സാങ്കേതിക രംഗത്ത് പുതിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

മത്സ്യ 6000/ഫോട്ടോ -ട്വിറ്റർ