മേഴ്സിഡസ്-ബെൻസ് ഇലക്ട്രിക് വാഹന (EV) രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതിനായി നവീനമായ സോളാർ പെയിന്റ് സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ഫോട്ടോവോൾട്ടായിക് നാനോപാർട്ടിക്കിളുകൾ ഉൾക്കൊള്ളുന്ന ഈ സോളാർ പെയിന്റ് 94% സൂര്യപ്രകാശം വൈദ്യുതിയാക്കുന്നു. വാഹനം പാർക്ക് ചെയ്തിരിക്കുകയോ ഓടിക്കുകയോ ചെയ്യുമ്പോൾ ബാറ്ററി നിരന്തരം ചാർജ് ചെയ്യാൻ സഹായിക്കുന്ന ഈ സാങ്കേതിക വിദ്യ, മൈലേജ് ആശങ്കയെ പരിഹരിച്ച് സുസ്ഥിര ഗതാഗതത്തിന്റെ ഒരു പുതിയ ഭാവിയെ സൂചിപ്പിക്കുന്നു.
ഇപ്പോൾ ഗവേഷണ ഘട്ടത്തിലുള്ള ഈ സാങ്കേതിക വിദ്യ, ഇവി-കൾ എങ്ങനെ ഊർജം നേടുന്നു എന്നതിനെ പൂർണ്ണമായും മാറ്റിമറിക്കാൻ സാധ്യതയുള്ളതാണ്. ഒരു വാഹനത്തിന്റെ പുറംഭാഗം മുഴുവൻ ഊർജം ശേഖരിക്കാൻ കഴിയുന്ന ഉപരിതലമാക്കുന്ന സോളാർ പെയിന്റ്, പരമ്പരാഗത ചാർജിംഗ് സംവിധാനങ്ങളിലെ ആശ്രയം കുറക്കുന്നതിനും വാഹനത്തിന്റെ ദൂരം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. ഇത് ഇക്കോ-ഫ്രണ്ട്ലി ഗതാഗതത്തിന് വേണ്ടിയുള്ള ആഗോള ആവശ്യം നിറവേറ്റാനും ഇവി-കളുടെ വ്യാപനത്തെ വേഗത്തിലാക്കാനും നിർണായകമായ പങ്ക് വഹിക്കും.
സോളാർ പെയിന്റ് സിസ്റ്റം വളരെ കനം കുറഞ്ഞ നിരവധി ലേയറുകളാൽ നിർമ്മിതമാണ്,ഇത് വെറും 5 മൈക്രോണുകൾ കട്ടിയുള്ളതും, ചതുരശ്ര മീറ്ററിന് 50 ഗ്രാം ഭാരവും ഉള്ളതാണ്. ഈ ലേയറുകളിൽ വൈദ്യുത സംപ്രേഷണ ഉപരിതലം, ഇൻസുലേഷൻ, സൗരോർജം സ്വീകരിക്കുന്ന ഫോട്ടോവോൾട്ടായിക് മെറ്റീരിയൽ, സുതാര്യമായ നാനോപാർട്ടിക്കിള്-ബേസ്ഡ് ടോപ് കോട്ട് എന്നിവ ഉൾപ്പെടുന്നു. പരമ്പരാഗത സോളാർ പാനലുകൾക്ക് സമാനമായ 20% ഊർജം പരിവർത്തന കഴിവ് ഇതിനുണ്ട്.
സോളാർ പെയിൻറ് സാങ്കേതികവിദ്യ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 118 ചതുരശ്ര അടി സോളാർ പെയിന്റ് ഉപയോഗിക്കുന്ന ഒരു മിഡ്-സൈസ് എസ് യു വി, ലോസ് ആഞ്ചലസിൽ ഒരു വർഷത്തിൽ 12,427 മൈലും, ബീജിങ്ങിൽ 8,700 മൈലും , സ്റ്റുട്ട്ഗാർട്ടിൽ 7,456 മൈലും നൽകുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന ലോസ് ആഞ്ചലസിലെന്നപോലെ ചില സ്ഥലങ്ങളിൽ, ഈ സാങ്കേതിക വിദ്യയ്ക്ക് ദിവസേനയുള്ള യാത്ര ആവശ്യങ്ങൾ മുഴുവൻ നിറവേറ്റാൻ കഴിയും.
പരമ്പരാഗത സോളാർ പാനലുകളോട് താരതമ്യം ചെയ്യുമ്പോൾ, സോളാർ പെയിന്റിന് വളരെയധികം ഗുണങ്ങളുണ്ട്. ഇത് ചെലവ് കുറഞ്ഞതും നാശകരമായ ലോഹങ്ങളും വിഷവസ്തുക്കളുമില്ലാത്തതും കൂടാതെ വാഹനം പാർക്ക് ചെയ്തിരിക്കുമ്പോൾ പോലും പോലും വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിവുള്ളതുമാണ്. ഇതിന്റെ വഴക്കമുള്ള രൂപം ഇവി ചാർജിംഗ് രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കാനും പരമ്പരാഗത ചാർജിംഗ് നെറ്റ്വർക്കുകളിൽ നിന്നുള്ള ആശ്രയം കുറയ്ക്കാനും സഹായിക്കുന്നു.

ഫോട്ടോ കടപ്പാട്-എക്സ്