ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി, ഹോങ്കോംഗിൽ നടന്ന ഇന്റർ മിയാമി സൗഹൃദ മത്സരത്തിൽ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് വിശദീകരണം നൽകി. ഈ വിട്ടുനിൽക്കൽ, ആരാധകരിൽ നിന്നും വ്യാപകമായ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.
“ഹോങ്കോംഗിലെ മത്സരത്തിൽ കളിക്കാൻ സാധിച്ചില്ല,” മെസ്സി പറഞ്ഞു. “അതിൽ ഖേദമുണ്ട്. കാരണം ഞാൻ എല്ലായ്പ്പോഴും പങ്കെടുക്കാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഇത്തരം മത്സരങ്ങളിൽ. ഞങ്ങൾ ഇത്ര ദൂരം യാത്ര ചെയ്തപ്പോൾ ആളുകൾ ഞങ്ങളുടെ മത്സരങ്ങൾ കാണാൻ വളരെ ആവേശത്തിലായിരുന്നു. ഞങ്ങൾ തിരിച്ചുവന്ന് മറ്റൊരു മത്സരം കളിക്കുകയും എനിക്ക് കഴിയുന്ന പോലെ കളിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷേ, സത്യം എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല എന്നതാണ്.”
മെസ്സിക്ക് ഹാംസ്ട്രിങ്ങ് പരിക്കേറ്റിരുന്നതുകൊണ്ടാണ് കളിക്കാൻ കഴിയാതിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ മുൻകൂട്ടി നൽകാതിരുന്നതും സംഘാടകരുടെ വിമർശനത്തിന് വഴിവച്ചിരുന്നു. ചില ആരാധകർ ടിക്കറ്റ് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ മറ്റു ചിലർ കളത്തിനിറങ്ങാതിരുന്നതിന് മെസ്സിയെയും ഡേവിഡ് ബെക്കാമിനെയും വിമർശിച്ചു.
മെസ്സി ഹോങ്കോംഗ് ആരാധകരോട് ക്ഷമാപണം ചോദിച്ചു. ഭാവിയിൽ മടങ്ങിവന്നു കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
മെസ്സി ഇപ്പോൾ ജപ്പാനിലാണ്, അവിടെ ബുധനാഴ്ച വിസ്സെൽ കോബെയെ നേരിടും.