ലയണൽ മെസ്സി “ഒരു മാന്യൻ” ആണെന്നും എന്നാൽ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരൻ പെലെയാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരൻ ആരെന്ന ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പയും തൻ്റെ അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു.
അർജന്റീനിയൻ ഇതിഹാസങ്ങളായ മെസ്സിയും മറഡോണയും ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച രണ്ട് കളിക്കാരായി കണക്കാക്കപ്പെടുന്നു. എന്നാൽ അന്തരിച്ച ബ്രസീലിയൻ ഐക്കൺ പെലെ കൂടുതൽ ബഹുമാനത്തിന് അർഹനാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറയുന്നു.
“ഞാൻ മൂന്നാമതൊരാളെ ചേർക്കും, പെലെ,” അദ്ദേഹം ഇറ്റാലിയൻ ടെലിവിഷൻ റായ്1-നോട് പറഞ്ഞു. “ഞാൻ പിന്തുടരുന്ന മൂന്നുപേരാണ് അവർ. മൂന്നുപേരും മികച്ചവരാണ്, ഓരോരുത്തർക്കും അവരുടേതായ പ്രത്യേകതകളുണ്ട്. നിലവിൽ മെസ്സി വളരെ മികച്ചതാണ്.”
മറഡോണ ലഹരിക്ക് അടിമയായതിനെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പരാമർശിച്ചു “മറഡോണ ഒരു മനുഷ്യനെന്ന നിലയിൽ പരാജയപ്പെട്ടു, പാവം, അവൻ വഴുതിവീണു.ചുറ്റുമുള്ള ആളുകൾ അവനെ സഹായിച്ചില്ല. ഞാൻ മാർപ്പായായി ആദ്യ വർഷം അദ്ദേഹം എന്നെ കാണാൻ വന്നു. അയാളുടെ ജീവിതം മോശമായി അവസാനിച്ചു, ഇത് കഷ്ടമാണ്, പല കായികതാരങ്ങളുടെയും ജീവിതം മോശമായി അവസാനിക്കുന്നു”
മെസ്സിയെയും പെലെയെയും കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു: “മെസ്സി ഒരു മാന്യനാണ്. ഈ മൂവരിൽ ഏറ്റവും വലിയ മാന്യൻ പെലെയാണ്. അദ്ദേഹം വളരെ വലിയ ഹൃദയമുള്ള ആളാണ്, ഞാൻ ഒരു തവണ ബ്യൂണസ് അയേഴ്സിൽ ഒരു വിമാനത്തിൽ കണ്ടുമുട്ടി,ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹം മഹത്തായ മനുഷ്യത്വമുള്ള ഒരു മനുഷ്യനാണ്.”
ഫുട്ബോൾ ആരാധകർക്കിടയിൽ ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനില്ക്കുന്നതിനാൽ ഫ്രാൻസിസ് പാപ്പയുടെ പരാമർശങ്ങൾ കൂടുതൽ ചർച്ചകൾക്ക് തുടക്കമിടാൻ സാധ്യതയുണ്ട്.