സംസ്ഥാനത്തെ ആരോഗ്യരംഗത്ത് മികച്ച മുന്നേറ്റം തുടരുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കരീപ്ര ഇടയ്ക്കിടത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസ്‌പെൻസറിക്ക് ലഭിച്ച കായകൽപ്പ പുരസ്കാരവും ഇതര അംഗീകാരങ്ങളും സ്ഥാപനത്തിന്റെ മികവിന് തെളിവാണ്. യോഗപരിശീലനം ഉൾപ്പെടെ ഇവിടെ നൽകുന്നുണ്ട്. പശ്ചാത്തലസൗകര്യം ഒരുക്കുന്നതിനൊപ്പം സേവനങ്ങളും അനുദിനം മെച്ചപ്പെടുത്തുന്നു. ജില്ലാ ആശുപത്രിയിൽ പ്രധാന ബ്ലോക്കിന്റെ നിർമാണം ആരംഭിച്ചു. കൊട്ടാരക്കരയിൽ ആയുഷ് പദ്ധതിയുടെ ഭാഗമായി 10.5 കോടി രൂപ വിനിയോഗിച്ച് പുതിയ താലൂക്ക് ആശുപത്രി ഉയരും.
കോഴിക്കോട് അവയവദാനത്തിനു വേണ്ടി പ്രത്യേകകേന്ദ്രം ഒരുങ്ങുന്നു. ഹൃദയസംബന്ധ ശസ്ത്രക്രിയകളുടെ പ്രധാനകേന്ദ്രമായി കോട്ടയം മെഡിക്കൽ കോളേജ് മാറി. 14 ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമാക്കിയ പുതിയ ബ്ലോക്ക് ഉടൻ ആരംഭിക്കും. സാധാരണക്കാരന് കുറഞ്ഞ ചെലവിൽ ചികിത്സ നേടാൻ കഴിയുന്ന ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കാരുണ്യ പദ്ധതിയിലൂടെ ഒന്നര കോടി ജനങ്ങൾക്ക് സൗജന്യചികിത്സ ഉറപ്പാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
