കേരളത്തിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ വെട്ടുകാട് പള്ളിയെ സംസ്ഥാനത്തിന്റെ പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പള്ളിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച തീർത്ഥാടകർക്കുള്ള അടിസ്ഥാന സൗകര്യ കേന്ദ്രം ഉദ്ഘാടനം ചെയ്യവേ ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് പ്രഖ്യാപനം നടത്തിയത്.
എല്ലാ വിഭാഗത്തില്‍പ്പെട്ട വിശ്വാസികളെയും ആകര്‍ഷിക്കുന്ന പള്ളി കേരള സമൂഹത്തിന്റെ ഐക്യത്തിൻ്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അതിന്റെ ആത്മീയ പ്രാധാന്യവും ,അന്താരാഷ്ട്ര വിമാനത്താവളം, ശംഖുമുഖം, വേളി ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയോട് ചേര്‍ന്നുള്ള സാമീപ്യവും കണക്കിലെടുക്കുമ്പോള്‍, വെട്ടുകാട് പള്ളിക്ക് ഒരു പ്രധാന തീര്‍ത്ഥാടന ടൂറിസം കേന്ദ്രമായി മാറുന്നതിന് അനുകൂല സാഹചര്യമുണ്ടെന്ന് റിയാസ് പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാലയങ്ങളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും കേരള ടൂറിസം വകുപ്പ് പദ്ധതികള്‍ ആവിഷകരിച്ചിട്ടുണ്ട്. ചരിത്രപരമായ പ്രാധാന്യമുള്ള നിർമ്മിതികൾ സംരക്ഷിക്കാനും സന്ദര്‍ശകരെ ആകര്‍ഷിക്കാനുമുള്ള വലിയ പദ്ധതിയുടെ ഭാഗമാണിത്.
തിരുവിതാംകൂര്‍ പൈതൃക പദ്ധതിയുടെ കീഴില്‍ തലസ്ഥാനത്തെ ചരിത്രപരമായ കെട്ടിടങ്ങളുടെ പ്രകാശാലങ്കാരം സന്ദര്‍ശകര്‍ക്ക്, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ കൂടുതല്‍ ആസ്വാദ്യകരമാക്കി മാറ്റിയിട്ടുണ്ട്.
ചടങ്ങിന് അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു, വെട്ടുകാട് പള്ളിയെ അന്താരാഷ്ട്ര ആത്മീയ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനും പ്രാദേശിക സമൂഹത്തിന് ഗുണം ചെയ്യാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും സന്ദര്‍ശകര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ‘തത്വമാസി’ പദ്ധതിയുടെ കീഴില്‍ നിര്‍മ്മിച്ച മൂന്നുനില കെട്ടിടമാണ് പള്ളിയിലെ അടിസ്ഥാന സൗകര്യ കേന്ദ്രം. സമുച്ചയത്തില്‍ ഒമ്പത് മുറികള്‍, 14 ശുചിമുറികള്‍, ഒരു ഡോര്‍മിറ്ററി, യൂട്ടിലിറ്റി റൂം, ലോബി, കാത്തിരിപ്പ് കേന്ദ്രം, കാഫറ്റീരിയ, അടുക്കള എന്നിവയുണ്ട്.