വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം കണക്കിലെടുത്ത് വെള്ളിക്കും ഹോൾ മാർക്കിംഗ് നടപ്പിലാക്കുന്നത് പരിഗണിക്കണമെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) യോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച നടന്ന 78-ാമത് ബിഐഎസ് സ്ഥാപക ദിന പരിപാടിയിൽ സംസാരിക്കവെ ജോഷി പറഞ്ഞു, “വെള്ളിയുടെ ഹാൾമാർക്കിങ്ങിനായി ഉപഭോക്താക്കളിൽ നിന്ന് ആവശ്യക്കാരുണ്ട്. നിങ്ങൾക്ക് (BIS) ആലോചിച്ച് ഒരു തീരുമാനം എടുക്കാം.
നിലവിൽ, ഹാൾമാർക്ക് യുണീക്ക് ഐഡൻ്റിഫിക്കേഷൻ (HUID) എന്നറിയപ്പെടുന്ന തനതായ ആറ് അക്ക ആൽഫാന്യൂമെറിക് കോഡിലൂടെ ഉപഭോക്തൃ സംരക്ഷണവും ആധികാരികതയും ഉറപ്പാക്കുന്ന സംവിധാനം സ്വർണ്ണാഭരണങ്ങൾക്കും പുരാവസ്തുക്കൾക്കും മാത്രമേ നിർബന്ധമുള്ളൂ.
ഹോൾ മാർക്കിംഗ് വെള്ളിക്കും നിർബന്ധമാക്കുന്നത് വിലയേറിയ ലോഹങ്ങളുടെ ഗുണനിലവാര നിയന്ത്രണം വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ ഒരു സുപ്രധാന ഘട്ടത്തെ പ്രതിനിധീകരിക്കും. ഉപഭോക്തൃ വിശ്വാസം ശക്തിപ്പെടുത്താനും വിപണിയിൽ സുതാര്യത ഉറപ്പാക്കാനും ഇത്തരമൊരു നീക്കത്തിന് കഴിയുമെന്ന് വിദഗ്ധർ കരുതുന്നു.
