You are currently viewing രാജ്യത്ത്  74 പുതിയ തുരങ്കങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചു

രാജ്യത്ത്  74 പുതിയ തുരങ്കങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചു

1,00,000 കോടി രൂപ ചെലവിൽ 273 കിലോമീറ്റർ നീളത്തിൽ 74 പുതിയ തുരങ്കങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചു.  ഇന്ത്യയുടെ ഹൈവേ ശൃംഖല മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ള എല്ലാ നിർമ്മാണ പദ്ധതികളുടെയും സ്ഥിരമായ പെർഫോമൻസ് ഓഡിറ്റുകൾ ഉറപ്പാക്കുന്നതിനുമുള്ള ഗവൺമെൻ്റിൻ്റെ ലക്ഷ്യത്തിൻ്റെ ഭാഗമാണ് അടുത്ത കുറച്ച് വർഷങ്ങളിൽ നടപ്പിലാക്കുന്ന ഈ  പദ്ധതിയെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

 ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) ചൊവ്വാഴ്ച സംഘടിപ്പിച്ച ടണലിംഗ് ഇന്ത്യ കോൺഫറൻസിൻ്റെ രണ്ടാം പതിപ്പിൽ സംസാരിച്ച ഗഡ്കരി, ഇന്ത്യയുടെ വൈവിധ്യമാർന്ന വെല്ലുവിളികൾ നേരിടാൻ സാങ്കേതികവിദ്യ നവീകരിക്കേണ്ടതിൻ്റെയും ചെലവ് കുറഞ്ഞ പരിഹാരങ്ങൾ കണ്ടെത്തുന്നതിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. ചെലവ് കുറയ്ക്കുന്നത്  ഉയർന്ന നിലവാരം പുലർത്തുന്നതിൽ വിട്ടുവീഴ്ച ചെയ്യ്താകരുതെന്നും അദ്ദേഹം പറഞ്ഞു.

 “ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറഞ്ഞ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഏതാണെന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്,” അടിസ്ഥാന സൗകര്യ വികസനത്തിൽ ആഗോളതലത്തിൽ മികച്ച രീതികൾ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകത അടിവരയിട്ട് ഗഡ്കരി പറഞ്ഞു.

 15,000 കോടി രൂപ ചെലവിൽ 49 കിലോമീറ്റർ ദൈർഘ്യമുള്ള 35 തുരങ്കങ്ങൾ സർക്കാർ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ടെന്നും ഗഡ്കരി  പറഞ്ഞു. കൂടാതെ, 134 കിലോമീറ്റർ വരുന്ന 69 തുരങ്കങ്ങൾ കൂടി നിലവിൽ നിർമ്മാണത്തിലാണ്, ഇതിന് 40,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

  വെല്ലുവിളികൾ നേരിടുന്ന ഹിമാലയൻ പ്രദേശങ്ങളിൽ ഭൂപ്രകൃതി-നിർദ്ദിഷ്ട സമീപനങ്ങൾ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി.  മണ്ണിടിച്ചിലുകൾ പോലുള്ള ആവർത്തിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രീകാസ്റ്റ് സാങ്കേതികവിദ്യയും പുഷ്-ബാക്ക് ടെക്നിക്കുകളും പോലുള്ള നൂതനമായ പരിഹാരങ്ങൾ ആവശ്യമാണെന്ന്  അദ്ദേഹം പറഞ്ഞു. ഈ പദ്ധതികളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിൽ പെർഫോമൻസ് ഓഡിറ്റുകൾ വളരെ നിർണ്ണായകമാണെന്നും ഗഡ്ക്കരി കൂട്ടിച്ചേർത്തു.

Leave a Reply