You are currently viewing എഴുകോൺ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും, പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിക്കും

എഴുകോൺ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും, പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിക്കും

കൊല്ലം: എഴുകോൺ റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പ്ലാറ്റ്ഫോമിന്റെ നീളം 580 മീറ്ററായി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പ്ലാറ്റ്ഫോം ഷെൽട്ടർ, കുടിവെള്ളം, ശൗചാലയങ്ങൾ, തറ എന്നിവയും നവീകരിക്കുമെന്ന് എംപി പറഞ്ഞു.

നിലവിൽ ഫ്ലാഗ് സ്റ്റേഷൻ ആയി പ്രവർത്തിക്കുന്ന എഴുകോണിൽ ടിക്കറ്റ് റിസർവേഷൻ സൗകര്യം ഉടൻ ആരംഭിക്കണമെന്ന് റെയിൽവേ ഉദ്യോഗസ്ഥരോട് എംപി ആവശ്യപ്പെട്ടു. നിലവിൽ സ്റ്റേഷനിൽ സ്റ്റോപ്പ് ഇല്ലാത്ത വേളാങ്കണ്ണി എക്സ്പ്രസ്, ചെന്നൈ എഗ്മോർ എക്സ്പ്രസ്  എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികൾ ഡിവിഷൻ തലത്തിൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

സ്റ്റേഷനിലെ പാർക്കിംഗ് സൗകര്യം അപര്യാപ്തമാണ്. അടിയന്തിരമായി വിപുലമായ പാർക്കിങ് സൗകര്യം ഒരുക്കണമെന്നും മുൻകാലത്ത് ഉപയോഗത്തിലിരുന്ന സ്റ്റേഷന്റെ മുന്നിലുള്ള റോഡ് വീണ്ടും ഉപയോഗയോഗ്യമാക്കണമെന്നും എംപി ആവശ്യപ്പെട്ടു.

രണ്ടാമത്തെ ട്രാക്കും അതിനോടനുബന്ധിച്ച പ്ലാറ്റ്ഫോമും ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് എംപി നിർദേശിച്ചു. സ്റ്റേഷനിൽ മതിയായ വെളിച്ചം ഉറപ്പുവരുത്തുന്നതിനായി മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുകയും, ചോർച്ചയിലായ സ്റ്റേഷൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി ആധുനികവൽക്കരിക്കണമെന്നും സന്ദർശനത്തിൽ ഒപ്പം ഉണ്ടായിരുന്ന ദക്ഷിണ റെയിൽവേ മധുരൈ ഡിവിഷൻ എഡിആർഎം എൽ നാഗേശ്വര റാവുവിനോട് ആവശ്യപ്പെട്ടു.

സ്റ്റേഷനിൽ നടന്ന അവലോകന യോഗത്തിൽ ദക്ഷിണ റെയിൽവേ മധുരൈ ഡിവിഷന്റെ എഡിആർഎം എൽ. നാഗേശ്വര റാവു, എൻജിനീയറിങ്, ഓപ്പറേഷൻസ്, കൊമേഴ്ഷ്യൽ വിഭാഗങ്ങളിലെ റെയിൽവേ ഉദ്യോഗസ്ഥർ, എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply