
തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകൾ ഉൾപ്പെടെ ഒന്നരക്കോടിയിലേറെ വരുന്ന കെട്ടിടങ്ങളുടെ നമ്പർ ഈ മാസം മുതൽ മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. ഇതിൽ 1.10 കോടി വീടുകളും അപ്പാർട്ട്‌മെന്റുകളും ഫ്ലാറ്റുകളും ഉൾപ്പെടുമ്പോൾ 46 ലക്ഷം കെട്ടിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കുള്ളവയാണ്. വാർഡ് വിഭജനത്തിന് ശേഷം തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കേണ്ടിയിരുന്ന നമ്പർ മാറ്റമാണ് വൈകി ഇപ്പോൾ നടപ്പാക്കുന്നത്.

തദ്ദേശ വകുപ്പിന്റെ സേവനങ്ങൾ നൽകുന്ന കെ-സ്മാർട്ട് (K-Smart) ആപ്ലിക്കേഷൻ വഴിയാണ് കെട്ടിട നമ്പർ പുനഃക്രമീകരണം നടത്തുന്നത്. അതത് കോർപ്പറേഷനുകൾ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവയാണ് നടപടികൾ നടപ്പാക്കുക. ഇതിനായുള്ള വിശദമായ മാർഗനിർദേശങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്.
ഒന്നാം വാർഡിലെ ഒന്നാം നമ്പർ കെട്ടിടം എന്നത് സൂചിപ്പിക്കുന്ന തരത്തിൽ 1/1 എന്ന മാതൃകയിലായിരിക്കും പുതിയ കെട്ടിട നമ്പറുകൾ. നമ്പറിന്റെ ആദ്യഭാഗം വാർഡിനെയും തുടർന്ന് കെട്ടിടത്തെയും സൂചിപ്പിക്കും. കെ-സ്മാർട്ടിൽ ഓരോ വാർഡിലെയും ഭൂപ്രദേശങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ളതിനാൽ ആദ്യം ആകെ കെട്ടിടങ്ങൾ കണക്കാക്കി പിന്നീട് അവയെ ബന്ധപ്പെട്ട വാർഡുകളിലേക്ക് ക്രമീകരിച്ച് 1 മുതൽ തുടർച്ചയായി നമ്പർ നൽകും.
മുൻപ് പുതിയ കെട്ടിടങ്ങൾ വരുമ്പോൾ നമ്പറിന്റെ തുടർച്ച നിലനിർത്താൻ A, B, C എന്നീ ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർത്തിരുന്ന രീതി ഒഴിവാക്കും. പകരം, ഭാവിയിൽ നിർമ്മാണ സാധ്യതയുള്ള കെട്ടിടങ്ങൾക്കായി ചില ഡോർ നമ്പറുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കെട്ടിട നമ്പർ മാറ്റം നടപ്പാകുന്നതോടെ പൊതുജനങ്ങൾക്ക് അവരുടെ ആധാർ ഉൾപ്പെടെയുള്ള വ്യക്തിഗത തിരിച്ചറിയൽ രേഖകളിൽ തിരുത്തൽ ആവശ്യമായി വരും. വാണിജ്യ കെട്ടിടങ്ങളുടെ ഉടമകൾക്ക് ലൈസൻസും മറ്റ് ഔദ്യോഗിക രേഖകളും പുതുക്കേണ്ടി വരും. കെട്ടിട നമ്പർ ഇടയ്ക്കിടെ മാറ്റേണ്ടിവരുന്നത് ഒഴിവാക്കാൻ ഡിജി പിൻ (DIGI PIN) പോലുള്ള പദ്ധതികൾ സർക്കാർ മുൻപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കാനായിട്ടില്ല.