ചൊവ്വാഴ്ച വൈകുന്നേരം കോംഗോ നദിയിൽ എംബണ്ടകയ്ക്ക് സമീപം അമിതഭാരം കയറ്റിയ തടി കപ്പലായ എച്ച്ബി കൊംഗോളോയ്ക്ക് തീപിടിച്ചതിനെ തുടർന്ന് കുറഞ്ഞത് 148 പേർ മരിക്കുകയും 100 ലധികം പേരെ കാണാതാവുകയും ചെയ്തു. ഏകദേശം 500 യാത്രക്കാരുമായി പോയ ബോട്ടിൽ, ഒരു സ്ത്രീ പാചകത്തിന് ഉപയോഗിച്ച സ്റ്റൗ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് തീ പടർന്നു, ഇതിനെ തുടർന്ന് പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ നദിയിലേക്ക് ചാടുകയായിരുന്നു. മരിച്ചവരിൽ പൊള്ളലേറ്റവരും വെള്ളത്തിൽ മുങ്ങിയവരും ഉണ്ട്.
അപകടം അതിജീവിച്ച 100 ഓളം പേരെ എംബണ്ടകയിലെ ടൗൺ ഹാളിലെ താൽക്കാലിക അഭയകേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം ഗുരുതരമായ പൊള്ളലേറ്റവരെ ചികിത്സിക്കാൻ മതിയായ മെഡിക്കൽ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഗുരുതരമായ മാനുഷിക പ്രശ്നങ്ങൾ നേരിടുന്നു .റെഡ് ക്രോസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ തിരച്ചിൽ, വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ നദീതീരങ്ങളിൽ തുടർന്നു, ചില മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞിട്ടുണ്ട്.
കോംഗോയിലെ ജലപാതകളിലെ സുരക്ഷാ വീഴ്ചകളെ ഈ ദുരന്തം എടുത്തുകാണിക്കുന്നു, അവിടെ തിരക്കേറിയ തടി ബോട്ടുകൾ പലപ്പോഴും ലൈഫ് ജാക്കറ്റുകളോ അഗ്നിശമന ഉപകരണങ്ങളോ നിയന്ത്രണ മേൽനോട്ടമോ ഇല്ലാതെ പ്രവർത്തിക്കുന്നു. പുതിയ ഫെറികൾ തുടങ്ങുന്നതിനും നാവിഗേഷൻ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സമീപകാല സർക്കാർ സംരംഭങ്ങൾ ഉണ്ടായിരുന്നിട്ടും, ഇതിൻറെ നിർവഹണത്തിൽ കാര്യക്ഷമത ഇല്ലാത്തതിനാൽ അപകടങ്ങൾ ഒരു തുടർക്കഥയാകുന്നു
കോംഗോയിലെ നദി അപകടങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്, അവിടെ നദികൾ നിർണായകവും എന്നാൽ അപകടകരവുമായ ഗതാഗത മാർഗങ്ങളായി പ്രവർത്തിക്കുന്നു. ആവർത്തിച്ചുള്ള ദുരിതങ്ങൾ ഇല്ലാതാക്കാൻ അടിയന്തര പരിഷ്കാരങ്ങൾ ആവശ്യമാണ്.